സുൽത്താൻ ബത്തേരി: ജനങ്ങളുടെ ജീവിത നിലവാരവും സന്തോഷസൂചികയും ഉയർത്തുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ച ഹാപ്പി ഹാപ്പി ബത്തേരി പദ്ധതിയുടെ ഭാഗമായി നറുപുഞ്ചിരി പദ്ധതിക്ക് തുടക്കമായി. നഗരസഭ പരിധിയിൽ ജനിക്കുന്ന മുഴുവൻ കുഞ്ഞുങ്ങളെയും അവരുടെ വീടുകളിലെത്തി ആദരവ് നൽകുന്നതാണ് പദ്ധതി.
ജൂൺ ഒന്നു മുതൽ നഗരസഭ പരിധിയിൽ പിറന്ന കുഞ്ഞുങ്ങളെയാണ് നറുപുഞ്ചിരി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ.രമേശ് നിർവ്വഹിച്ചു. മായ -സനു ദമ്പതികളുടെ ഇരട്ടകുട്ടികളായ ഇവാൻ ജോസഫ്, റയാൻ ജോസഫ് എന്നിവരെയും അഖിൽ-ഗ്രീഷ്മ ദമ്പതികളുടെ മകൾ ദേവലക്ഷ്മിയേയും ആദരിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഡെപ്യുട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷരായ പി.എസ്.ലിഷ, സാലി പൗലോസ്, ഷാമില ജുനൈസ്, കെ.റഷീദ്, ടോം ജോസ്, കൗൺസിലർ കെ.സി.യോഹന്നാൻ, സിഡിഎസ് ചെയർപേഴ്സൺ സുപ്രിയ അനിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.വി.ബേബി, അസൈനാർ, കുര്യൻ ജോസഫ്, രാജേഷ്, അമീർ അറക്കൽ, വിവിധ സംഘടന നേതാക്കളായ പി.വൈ.മത്തായി, പീറ്റർ മൂഴയിൽ, അബ്ദുൾ മനാഫ്, നഗരസഭ സെക്രട്ടറി എൻ.കെ.അലിഅസ്ഹർ, അസി.എഞ്ചിനീയർ കെ.മുനവർ, സുപ്രണ്ട് ജേക്കബ്ബ് ജോർജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ, എംഇസി കൺവീനർ അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു.

ഫോട്ടോ-നറു
നറുപുഞ്ചിരി പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെരമേശ് നിർവ്വഹിക്കുന്നു



പ്രതിപക്ഷം പരിപാടി ബഹിഷ്‌ക്കരിച്ചു
സുൽത്താൻ ബത്തേരി: കഴിഞ്ഞ കുറെ മാസങ്ങളായി സുൽത്താൻ ബത്തേരി നഗരസഭയിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങൾ നടത്തുകയോ അടിസ്ഥാന സൗകര്യങ്ങൾക്ക് പരിഹാരം കാണുകയോ ചെയ്യാതെ നടത്തുന്ന ഹാപ്പി ഹാപ്പി പദ്ധതി ജനങ്ങൾക്ക് സന്തോഷിക്കാനുള്ള വകയല്ലെന്ന് ആരോപിച്ച് പദ്ധതി ബഹിഷ്‌ക്കരിക്കുകയാണെന്ന് പ്രതിപക്ഷ മെമ്പർമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പട്ടണത്തിലെ തെരുവ് വിളക്ക് കത്താതായിട്ട് മാസങ്ങളായി. ഇത് കത്തിക്കുന്നതിന് വേണ്ട ഒരു നടപടിയും ഭരണസമിതി എടുക്കുന്നില്ല. ബത്തേരി പട്ടണത്തിലെ കടകളടച്ചാൽ പിന്നെ പട്ടണം ഇരുട്ടിലാണ്. പകൽ തെരുവ് നായ ശല്യവും സന്ധ്യ മയങ്ങിയാൽ വന്യമൃഗശല്യവുമാണ്. ഇതിനൊന്നും ഒരു പരിഹാരവും കാണാതെയാണ് ഹാപ്പി പറഞ്ഞ് നടക്കുന്നത്. വൃത്തിയുടെയും പൂക്കളുടെയും നഗരമെന്ന് അറിയപ്പെട്ടിരുന്ന നഗരസഭ ഭരണാധികാരികളുടെ ഇപ്പോഴത്തെ പ്രവർത്തനം കാരണം പിറകോട്ട് പോയിരിക്കുകയാണ്. കൗൺസിലർമാർക്ക് ഇരിക്കാൻ ഇരിപ്പിടം പോലുമില്ലാത്ത നഗരസഭയാണ്.
വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ മെമ്പർമാരായ സി.കെ.ഹാരീഫ്, രാധാ രവീന്ദ്രൻ, ആർ.രാധ, സംഷാദ്, ഷൗക്കത്ത് കള്ളിക്കൂടൻ, മേഴ്സി, ഗിരിജകൃഷ്ണൻ, പ്രജിത എന്നിവർ പങ്കെടുത്തു.