മേപ്പാടി: റിപ്പൺ പൊഡാർ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ മേൽക്കൂര തകർന്നുവീണ് രണ്ട് പേർക്ക് പരിക്കേറ്റു. ആസാം സ്വദേശികളായ ജൈനൽ (20), ഉമർ അലി (8) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
എസ്റ്റേറ്റ് ആശുപത്രിക്ക് സമീപമുള്ള ക്വാർട്ടേഴ്സിന്റെ മേൽക്കൂരയാണ് നിലംപൊത്തിയത്. ക്വാർട്ടേഴ്സിനുള്ളിൽ ഉറങ്ങുകയായിരുന്ന ജൈനലിന്റെയും ഉമറലിയുടെയും തലയിലേക്ക് ഓട് പതിക്കുകയായിരുന്നു.
ഉടൻതന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തി ചികിത്സതേടി. ഭാഗ്യം കൊണ്ടാണ് കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് തൊഴിലാളികൾ പറഞ്ഞു. കാലപ്പഴക്കം ചെന്ന കെട്ടിടമാണിത്. കെട്ടിടം അപകടാവസ്ഥയിലായത് തൊഴിലാളികൾ പലതവണ ശ്രദ്ധയിൽപ്പെടുത്തിയിരുനെങ്കിലും മാനേജ്‌മെന്റ് തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്.
എസ്റ്റേറ്റിൽ ജോലിക്ക് എത്തുന്ന അതിഥി തൊഴിലാളികളെ എസ്റ്റേറ്റ് പാടികളിലും മറ്റ് ക്വാർട്ടേഴ്സുകളിലുമാണ് താമസിപ്പിക്കുന്നത്.
ആദ്യകാലങ്ങളിൽ ആശുപത്രിയുടെ ഭാഗമായി രോഗികൾ വിശ്രമിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. ജില്ലയിലെ മറ്റ് എസ്റ്റേറ്റുകളിലും കാലപ്പഴക്കം ചെന്ന അപകടാവസ്ഥയിലായ നിരവധി കെട്ടിടങ്ങൾ ഉണ്ട്. മഴ ആരംഭിച്ച ഉടനെ തന്നെ ജില്ലയിലെ എസ്റ്റേറ്റ് ലയങ്ങളുടെ അറ്റകുറ്റങ്ങൾ പണികൾ നടത്തി തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇത് അവഗണിച്ചതാണ് അപകടത്തിന് കാരണം.