മാനന്തവാടി: വടക്കെ വയനാട്ടിലും കനത്ത മഴ. മഴ ശക്തമായതോടെ പത്ത് വീടുകൾ ഭാഗികമായി തകർന്നു.
താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മഴ കനത്താൽ ക്യാമ്പ് ഉൾപ്പെടെ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് റവന്യു വകുപ്പ്.

മാനന്തവാടി താലൂക്കിൽ പരക്കെ മഴയുണ്ടെങ്കിലും കാര്യമായ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ഇത് വരെ താലൂക്കിൽ പത്ത് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. പുഴകളിലും തോടുകളിലും വെള്ളം കയറിയിട്ടുണ്ടെങ്കിലും കരകവിഞ്ഞൊഴുകുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടില്ല.

മഴയ്ക്ക് മുൻപേ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം പ്രകാരം പുഴകളും തോടുകളിലേയും തടസ്സങ്ങൾ നീക്കി വെള്ളത്തിന് ഒഴുകാനുള്ള സാഹചര്യം ഒരുക്കിയിരുന്നു.

മഴ ഇനിയും ശക്തമായാൽ ക്യാമ്പ് ഉൾപ്പെടെ തുറക്കാനുള്ള ഒരുക്കത്തിലാണ് റവന്യു വകുപ്പ്. കുന്നുകളും മലകളും ഉള്ള പ്രദേശങ്ങളിലുളളവർ ജാഗ്രത പുലർത്തണമെന്ന് റവന്യു വകുപ്പ് നിർദ്ദേശിച്ചു. ഇത്തരം സ്ഥലങ്ങളെല്ലാം റവന്യു വകുപ്പിന്റെ നിരീക്ഷണത്തിലാണ്.