മാനന്തവാടി: റോഡ് നിർമ്മാണത്തിനായി മണ്ണെടുത്തതിനെ തുടർന്ന് റേഷൻ കട നിൽക്കുന്ന കെട്ടിടം അപകട ഭീഷണിയിലായി. മാനന്തവാടി തവിഞ്ഞാൽ തിടങ്ങഴിയിൽ പ്രവർത്തിക്കുന്ന റേഷൻകടയാണ് ഏതുനിമിഷവും ഇടിഞ്ഞു വീഴുന്ന അവസ്ഥയിൽ നിൽക്കുന്നത്
മാനന്തവാടി തവിഞ്ഞാൽ കിടങ്ങഴി പേരിയ റോഡിന്റെ നിർമ്മാണത്തിന്റെ ഭാഗമായാണ് റേഷൻകടയ്ക്ക് സമീപം ഓവുചാൽ നിർമിക്കാനായി മണ്ണ് ഇടിച്ചത്. എന്നാൽ മഴ പെയ്തു തുടങ്ങിയതോടെ റേഷൻ കട അപകടാവസ്ഥയിൽ ആകും വിധം മണ്ണ് ഇടിഞ്ഞ് നിൽക്കുകയാണ്.
മണ്ണ് എടുക്കും മുമ്പ് അപകടം ഒഴിവാക്കും വിധം സൈഡ് കെട്ടി നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ മണ്ണ് ഇടിഞ്ഞ് തുടങ്ങിയിട്ടും നിർമ്മാണം നടത്തുന്ന കെ.എസ്.ടി.പി ഇതുവരെ സൈഡ് കെട്ടി നൽകാൻ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് നിരവധി തവണ നിർമ്മാണ കമ്പനിയുമായി സംസാരിച്ചെങ്കിലും ഒന്നും ചെയ്തില്ലെന്ന് കെട്ടിട ഉടമ പറയുന്നു. 98 കോടി രൂപ മുടക്കിയാണ് മാനന്തവാടി തവിഞ്ഞാൽ തിടങ്ങഴി വാളാട് പേര്യറോഡ് നിർമ്മാണം നടക്കുന്നത്.