
മലപ്പുറം: പൊതിച്ച തേങ്ങ കൈയിൽ പിടിച്ചുനടക്കും, ഭൂമിക്കടിയിൽ വെള്ളമുള്ളിടത്തെത്തുമ്പോൾ തേങ്ങ ഇളകി താഴെ വീഴും. മലപ്പുറം മുണ്ടുപറമ്പിലെ റിട്ട. പ്രധാനാദ്ധ്യാപകൻ കലയത്ത് മുഹമ്മദ് ഹാരിസ് കിണറിന് സ്ഥാനം നിർണ്ണയിക്കുന്നത് ഇങ്ങനെയാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 20,000ത്തോളം കിണറുകൾക്ക് സ്ഥാനം നിർണ്ണയിച്ചിട്ടുണ്ട്. 2000 മുതൽ സ്ഥാനം നോക്കാൻ തന്നെ വിളിച്ചവരുടെ ഫോൺ നമ്പറുകൾ 22 നോട്ട്ബുക്കുകളിലായി ഇദ്ദേഹം കുറിച്ചിട്ടിട്ടുണ്ട്. ശാസ്ത്രചിന്തകൾ എന്ന പുസ്തകത്തിലാണ് തേങ്ങ വച്ച് കിണറിന് സ്ഥാനം നോക്കുന്ന രീതി ഹാരിസ് വായിച്ചറിഞ്ഞത്. കൗതുകം തോന്നിയതോടെ തേങ്ങ വിദ്യ പരീക്ഷിച്ചാലോയെന്നായി.
ആദ്യം സ്വന്തം വീട്ടിലെ കിണറിന് സ്ഥാനം കണ്ടെത്തി. വെള്ളം കണ്ടതറിഞ്ഞ നാട്ടിലെ പലരും ഹാരിസിനെക്കൊണ്ട് സ്ഥാനം നോക്കിപ്പിച്ചു. എല്ലായിടത്തും വെള്ളം കണ്ടപ്പോൾ വലിയ പ്രചാരമായി. ഇപ്പോൾ ഒരുദിവസം എട്ട് കിണറുകൾക്കെങ്കിലും സ്ഥാനം നിർണ്ണയിക്കുന്നുണ്ട്. തേങ്ങ വച്ച് നോക്കുമ്പോൾ ചിലർക്ക് പൂർണ്ണമായും വിശ്വാസം വരില്ല. ഇതോടെ കഴിഞ്ഞ വർഷം ജലസാന്നിദ്ധ്യമറിയുന്ന, ഒന്നര ലക്ഷത്തിന്റെ പൂൾ ഫൈൻഡർ മെഷീൻ വാങ്ങിച്ചു. ആവശ്യമുള്ളവർക്ക് മെഷീനിലും സ്ഥാനം കാണിക്കും. വെള്ളമുള്ളിടത്തെത്തുമ്പോൾ മെഷീൻ പൂർണ്ണമായും തിരിയും. ബീപ്പ് ശബ്ദവുമുണ്ടാക്കും.
ഒഴുക്ക് വേണം
ബക്കറ്റിൽ വെള്ളമെടുത്ത് മുകളിൽ പിടിച്ചാലൊന്നും തേങ്ങ കൈയിൽ നിന്നിളകില്ല. ഭൂമിക്കടിയിൽ വെള്ളത്തിന് ചലനമോ ഒഴുക്കോ വേണം. വെള്ളം കടന്നുപോകുന്ന പൈപ്പിനടുത്ത് നിന്നാലും തേങ്ങ ഇളകി വീഴും. ഇതിനായി ഉള്ളിൽ വെള്ളം കുലുങ്ങുന്ന തേങ്ങയാണ് ഉപയോഗിക്കാറുള്ളതെന്ന് ഹാരിസ് പറയുന്നു. എങ്കിൽ മാത്രമേ കൃത്യമായി സ്ഥാനം മനസിലാക്കാനാവൂ. ഉള്ളംകൈയിൽ തേങ്ങയ്ക്ക് ബാലൻസ് കിട്ടാനായി തേങ്ങയിൽ നീളത്തിലൽപ്പം ചകിരിയും കളയാതെ വെക്കാറുണ്ട്. സ്ഥാനം നിർണ്ണയിച്ച് വെള്ളം കാണാതെ പോയ ചുരുക്കം സംഭവങ്ങളുമുണ്ടായിട്ടുണ്ട്. പ്രത്യേക ഫീസൊന്നും ഈടാക്കാറില്ല. തരുന്നത് വാങ്ങും. എ.യു.പി.എസ് മുണ്ടുപറമ്പിൽ നിന്ന് പ്രധാനാദ്ധ്യാപകനായി വിരമിച്ച ഹാരിസിപ്പോൾ മലപ്പുറത്തെ സ്വകാര്യകോളേജിൽ എൽ.എൽ.ബി വിദ്യാർത്ഥിയാണ്. ഭാര്യ സുബൈദ. മക്കളായ ഫെമിന, സുഹാന എന്നിവർ അദ്ധ്യാപികമാരാണ്. മകൻ മുഹമ്മദ് ഫവാസ് എം.ബി.ബി.എസ് അവസാനവർഷ വിദ്യാർത്ഥിയും ഇളയമകൾ ദിൽന പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.