മാവൂർ:കോഴിക്കോട് - ഊട്ടി ഹൃസ്വപാതയുടെ ഭാഗമായ മാവൂർ, കൂളിമാട്, ചെറുവാടി .എരഞ്ഞിമാവ് റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. 1/100 കിലോമീറ്റർ എളമരം കടവ് മുതൽ 8 കിലോമീറ്റർ എരഞ്ഞിമാവ് വരെ 6 കോടി മുടക്കിയാണ് നവീകരണം. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അഞ്ജന കൺസ്ട്രക്ഷൻ കമ്പനിക്ക് പത്ത് മാസം കൊണ്ട് പൂർത്തിയാക്കാനാണ് കരാർ. നിലവിലുള്ള ഭാഗം വശങ്ങൾ കെട്ടിയെടുക്കൽ, ആവശ്യമായ സ്ഥലത്ത് കല്ലുങ്ക് , ഡ്രെയിനേജ് നിർമ്മാണം, ഇന്റർലോക്ക് പതിക്കൽ , ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് , സൂചന ബോർഡുകൾ, കൈവരികൾ, സ്ഥാപ്പിക്കൽ എന്നീ പ്രവൃത്തികളാണ് നടത്തുക. കനത്ത മഴയെ അവഗണിച്ച് വശങ്ങൾ കെട്ടിയെടുക്കുന്ന ജോലികൾ ആരംഭിച്ചു. എന്നാൽ അവശേഷിക്കുന്ന പണികൾക്ക് ഇനിയും ഫണ്ട് ആവശ്യമാണ്. റോഡ് കൈയ്യേറ്റം കണ്ടെത്താൻ സർവേ നടത്തണമെന്നും സ്ഥലമേറ്റടുക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

എളമരം പാലം തുറന്നതോടെ കനത്ത ഗതാഗതക്കുരുക്കിൽ വീർപ്പുമുടുന്ന ചുള്ളിക്കാപറമ്പ്, പന്നിക്കോട് ജംഗ്ഷനുകളുടെ വികസനവും നിലവിലെ ഫണ്ടിൽ ഉൾപ്പെട്ടിട്ടില്ല. വളരെ പ്രധാനപ്പെട്ട അന്തർ സംസ്ഥാനപാതയുടെ പ്രധാന്യം മനസിലാക്കി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.