മുക്കം: ഏഴു വർഷം മുമ്പ് സംസ്ഥാന സർക്കാർ അനുവദിച്ച പൊളിടെക്നിക് കോളേജ് മുക്കത്തിന് നഷ്ടമാവുമോ എന്ന ആധിയിലാണ് മുക്കത്തെ വിദ്യാർത്ഥികൾ. നൂറു കണക്കിന് വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് അവസരം നൽകുന്ന ഗവ. പോളിടെക്നിക്ക് കോളേജ് എന്ന് യഥാർത്ഥ്യമാവുന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. മുക്കം നഗരസഭയിൽ ഇത് സ്ഥാപിക്കാനാവില്ലെന്ന് ഏറെകുറെ ഉറപ്പായതോടെയാണ് നിയോജക മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിൽ സ്ഥലത്തിനായി അന്വേഷണം ആരംഭിച്ചത്. ഭൂമി ലഭ്യമാക്കാമോ എന്നന്വേഷിച്ച് സ്പെഷ്യൽ ഓഫീസർ ചില പഞ്ചായത്തുകൾക്ക് കത്തയച്ചിട്ടുണ്ട്. മണ്ഡലത്തിൽ ഭൂമി ലഭ്യമായില്ലെങ്കിൽ കോളേജ് മറ്റു മണ്ഡലങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്നും കത്തിൽ പറയുന്നുണ്ട്. മുക്കം നഗരസഭയിൽ താഴേക്കോട് വില്ലേജിൽ പെട്ട ചേന്ദമംഗല്ലൂർ മംഗലശ്ശേരി തോട്ടത്തിലാണ് പോളിടെക്നിക്കിന് ആദ്യം ഭൂമി കണ്ടെത്തിയിരുന്നത്. എന്നാൽ അത് വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതിനാൽ സാങ്കേതിക പ്രശ്നമുണ്ടായി. ഇരുവഞ്ഞിപുഴയോടു ചേർന്നുള്ള ഈ ഭൂമി 2019ലെ പ്രളയത്തിൽ വെള്ളത്തിൽ മുങ്ങുകുയും ചെയ്തതോടെ ആ സ്ഥലം ഉപേക്ഷിക്കേണ്ടി വന്നു. കോളേജിന് കെട്ടിടം നിർമ്മിക്കാൻ 2017 ലെ സംസ്ഥാന ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഇന്നും സ്ഥലം ലഭിക്കാത്ത അവസ്ഥ തുടരുന്നു. സർക്കാർ ഭൂമി ഇല്ലാത്ത സ്ഥിതിക്ക് ഏതെങ്കിലും ഉദാരമതികൾ അഞ്ചേക്കർ ഭൂമി നൽകാൻ സന്നദ്ധരാവുകയേ ഗതിയുള്ളു.