കൽപ്പറ്റ: ജില്ലയിലെ ബാങ്ക് ഇടപാടുകൾ സമ്പൂർണ്ണമായി ഡിജിറ്റലാക്കാനുളള നടപടികൾ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ തുടങ്ങി. സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ തീരുമാനപ്രകാരമാണ് ഡിജിറ്റൽ ബാങ്ക് ഇടപാടിന് ജില്ലയിലും വിപുലമായ പ്രചാരണം നൽകുന്നത്. ആഗസ്റ്റ് 15 നകം സംസ്ഥാനത്തെ ബാങ്കിംഗ് ഇടപാടുകൾ സമ്പൂർണ്ണമായും ഡിജിറ്റലാക്കുകയാണ് സമിതിയുടെ ലക്ഷ്യം.
ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, യുപിഐ, ക്യു ആർ കോഡ്, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, ആധാർ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങിയ ഡിജിറ്റൽ പണമിടപാട് സംവിധാനം സാർവത്രികമാക്കും. ബാങ്ക് മാനദണ്ഡങ്ങൾ അനുസരിച്ച് ഇതിൽ ഏതെങ്കിലും സേവനങ്ങൾ ഉപയോഗിക്കാൻ ഇടപാടുകാരെ പ്രാപ്തരാക്കും. സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കും ഫീച്ചർ ഫോൺ ഉപയോഗിച്ച് റിസർവ് ബാങ്കിന്റെ യു.പി.ഐ 123 പേ സംവിധാനം ഉപയോഗപ്പെടുത്തിയും സമ്പൂർണ്ണ ഡിജിറ്റലൈസേഷന്റെ ഭാഗമാകാം.
വയനാട് ഡിജിറ്റലിലേക്ക് എന്ന പേരിലാണ് ജില്ലയിലെ ക്യാമ്പയിൻ നടക്കുന്നത്. സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ ഡിജിറ്റൽ ഇടപാട് സംവിധാനങ്ങൾ ഉപഭോക്താക്കൾക്ക് ക്യാമ്പയിനിലൂടെ പരിചയപ്പെടുത്തും. ജനപ്രതിനിധികൾ ജില്ലാ ഭരണകൂടം സർക്കാർ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, വിദ്യാലയങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടക്കുക. ജില്ലയിലെ സാമ്പത്തിക സാക്ഷരത കൗൺസിലർമാരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. ബാങ്ക് ശാഖാതലത്തിലും ഇടപാടുകാരിലേക്കും പ്രചാരണം എത്തിക്കും.
നിലവിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ 95 ശതമാനവും കറന്റ് അക്കൗണ്ടിൽ 63 ശതമാനവും പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.
ക്യാമ്പയിനിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പൊതു കേന്ദ്രങ്ങളിലും സർക്കാർ ഓഫീസുകളിലും ആദിവാസി മേഖലകളിലും മാർക്കറ്റുകളിലും സാമ്പത്തിക സാക്ഷരതാ ബോധവത്കരണ പരിപാടികൾ നടക്കുന്നുണ്ട്. ചെറുകിട, വഴിയോര കച്ചവടക്കാർ, ദിവസ വേതനക്കാർ, കർഷകർ തുടങ്ങി എല്ലാ ജനവിഭാഗത്തെയും വേഗത്തിലും സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ പണം അയക്കാനും സ്വീകരിക്കാനും സജ്ജമാക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികളാണ് ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്നത്.