കോഴിക്കോട്: ഏകോപയോഗ പ്ലാസ്റ്റിക് നിരോധനം പഞ്ചായത്ത് തലത്തിൽ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി. പ്ലാസ്റ്റിക് നിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണമെന്നും ഇതിന് ഉചിതമായ സ്ഥലം പഞ്ചായത്തുകളാണെന്നും അദ്ദേഹം പറഞ്ഞു. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, ശുചിത്വകേരള മിഷൻ, ഹരിത കേരള മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർക്ക് ഏകോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം സംബന്ധിച്ച് നൽകിയ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ജില്ലാ ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്സൺ കെ.പി. രാധാകൃഷ്ണൻ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ചും ക്ലാസെടുത്തു. ആളുകളുടെ മനോഭാവത്തിൽ മാറ്റം വരുത്തിയാൽ മാത്രമേ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിർത്തലാക്കാൻ സാധിക്കുകയുള്ളൂ. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ സാധിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ശിവാനന്ദൻ അദ്ധ്യക്ഷനായി. എൽ.എസ്.ജി.ഡി റീജ്യണൽ ജോയിന്റ് ഡയറക്ടർ ഡി. സാജു, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഒ.ശ്രീകല, ജില്ലാപഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി.റീന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.