കോഴിക്കോട് : സാഗിയിലൂടെ മുഖം മിനുക്കാൻ ഒരുങ്ങി അത്തോളി, പെരുവയൽ പഞ്ചായത്തുകൾ. ഇരുപഞ്ചായത്തുകളുടെ ഗ്രാമ വികസന പദ്ധതിക്ക് അന്തിമാനുമതിയായി. സൻസദ് ആദർശ് ഗ്രാമ യോജന (സാഗി) യുടെ ഭാഗമായി എം.കെ. രാഘവൻ എം.പി ദത്തെടുത്ത

ഇരു പഞ്ചായത്തുകളിലുമായി 90 വീതം പദ്ധതികൾക്കാണ് അനുമതി. മലാപ്പറമ്പ് ക്രൈസ്റ്റ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി മുഖ്യപ്രഭാഷണം നടത്തി. എം.കെ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഐ.ഐ.എം, എൻ.ഐ.ടി, ലീഡ് ബാങ്ക്, സി.ഡബ്ല്യൂ.ആർ.ഡി.എം എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ പഞ്ചായത്തുകൾക്ക് പൂർണ പിന്തുണ നൽകുമെന്ന് യോഗത്തിൽ അറിയിച്ചു.

കേന്ദ്രസർക്കാരിന്റെ പ്രത്യേക മാതൃകാ ഗ്രാമവികസന പദ്ധതിയാണ് 2014ൽ ആരംഭിച്ച സൻസദ് ആദർശ് ഗ്രാമ യോജന (സാഗി). സാമ്പത്തിക, സാമൂഹ്യ, വ്യക്തി മനുഷ്യ വിഭവശേഷി, പാരിസ്ഥിതിക, അടിസ്ഥാന സൗകര്യം ഉൾപ്പെടെ, സാമൂഹ്യ സുരക്ഷ, സദ്ഭരണം എന്നിവയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണിത്. ദത്തെടുത്ത ഗ്രാമത്തെ എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമം ആയി മാറ്റുന്നതിന് വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്.

സാഗിയുടെ ഭാഗമായി വികസനപ്രശ്‌നങ്ങളെ മനസ്സിലാക്കാനുള്ള സർവേ ഓരോ പഞ്ചായത്തുകളിലും നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ വികസനം ആവശ്യമുള്ള മേഖലകളെ കണ്ടെത്തി വിവിധ പദ്ധതികൾ തയ്യാറാക്കും. ഇതിന്മേലുള്ള ചർച്ചകൾക്കു ശേഷമാണ് പദ്ധതികൾക്ക് അന്തിമാനുമതി നൽകുന്നത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി, ഉപജീവനമാർഗം മുതലായ വിവിധ മേഖലകളിലൂടെ ഗ്രാമത്തിന്റെ സംയോജിത വികസനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

എം.ജി.എൻ.ആർ.ഇ.ജി ജോ. പ്രോഗ്രാം കോ ഓർഡിനേറ്റർ മുഹമ്മദ് ജാ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഷീബ രാമചന്ദ്രൻ, സുഹറബി, ലീഡ് ഡിസ്ട്രിക് മാനേജർ മുരളീധരൻ, ബാബുരാജ്, രജനി പുല്ലാനിക്കാട്ട്, നജീല ഉബൈദുള്ള, ഐ.ഐ.എം അസോ. പ്രൊഫ. അനുഭ എസ്. സിൻഹ, ജി.കെ. അമ്പിളി, ഡോ. പി.എസ് സതീദേവി, കെ.കെ വിമൽ രാജ് തുടങ്ങിയവർ പ്രസംഗിച്ചു. എല്ലാ ജില്ലാതല ഓഫീസർമാരും, അത്തോളി, പെരുവയൽ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.