വൈത്തിരി: അക്രമകാരിയായ കാട്ടാനയെ തുരത്താൻ ബുധനാഴ്ച വൈത്തിരിയിൽ എത്തിയത് വനപാലകരുടെ വൻപട. മണിക്കൂറുകളോളം കാടിളക്കി പരിശോധന നടത്തിയെങ്കിലും അക്രമകാരിയായ കൊമ്പനെ കണ്ടെത്താനായില്ല. തെരച്ചിലിനിടയിൽ മറ്റ് മൂന്ന് കാട്ടാനകളെ ദൗത്യസംഘം ഉൾവനത്തിലേക്ക് തുരത്തി.
കഴിഞ്ഞ ദിവസം തളിമല തൈലക്കുന്നിൽ കാട്ടാന വീട്ടിൽ കയറി വയോധികനെ ആക്രമിച്ചിരുന്നു. ഈ സംഭവത്തെ തുടർന്നാണ് കാട്ടാനയെ കാട്ടിലേക്ക് തുരത്താനായി സൗത്ത് വയനാട് ഡി എഫ് ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിൽ വൈത്തിരിയിൽ ശ്രമം നടത്തിയത്.

കഴിഞ്ഞദിവസം എൺപതുകാരനായ കുഞ്ഞിരാമനെ ആക്രമിച്ച കാട്ടാന ജനവാസ മേഖലയിൽ തന്നെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ആനയെ ഇവിടെനിന്ന് എത്രയും വേഗം തുരത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മനുഷ്യർക്ക് നേരെ പാഞ്ഞടുക്കുന്ന അക്രമ സ്വഭാവമാണ് ആന പ്രകടിപ്പിക്കുന്നത്. ഇതാണ് വീടിനുള്ളിൽ കയറി ആക്രമിക്കാൻ കാരണം. ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്നതിലും മനുഷ്യരെ ആക്രമിക്കുന്നതിലും വൈത്തിരിയിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. കോൺഗ്രസ് പ്രവർത്തകർ വില്ലേജ് ഓഫീസറെ ഉപരോധിക്കുകയും ചെയ്തു.

ഇതേ തുടർന്നാണ് കഴിഞ്ഞദിവസം മേപ്പാടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വൈത്തിരിയിൽ പ്രത്യേക യോഗം ചേർന്നത്. ഈ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച കാട്ടാനകളെ തുരത്താനുള്ള ശ്രമം നടത്തിയത്.

അക്രമകാരിയായ ആനയെ നിരീക്ഷിച്ചു വരികയാണെന്നും കണ്ടെത്തിയാൽ ഉൾവനത്തിലേക്ക് തുരത്തുമെന്നും ഡി എഫ് ഒ ഷജ്ന കരീം പറഞ്ഞു.
മേപ്പാടി, മുത്തങ്ങ ആർ ആർ ടി സംഘവും ഫോറസ്റ്റ് ഉദ്യോഗസ്ഥരും വനം വാച്ചർമാരും ചേർന്നാണ് ആനയെ തുരത്തുന്ന ദൗത്യത്തിൽ ഏർപ്പെട്ടത്. മേപ്പാടി റേഞ്ച് ഓഫീസർ ഹരിലാൽ അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.