കോഴിക്കോട്: മഴക്കാലമായാൽ തലക്കുളത്തൂർ പഞ്ചായത്തിലെ 51-ാം വാർഡ് നടുത്തുരുത്തി ദ്വീപിലെ രക്ഷിതാക്കൾക്ക് നെഞ്ചിൽ തീയാണ്. അക്കരെയുള്ള സി.എം.സി സ്കൂളിലേയ്ക്ക് പോകുന്ന കുട്ടികൾക്ക് കോരപ്പുഴയിലൂടെ തോണി മാർഗം സഞ്ചരിച്ച് വേണം സ്കൂളിലെത്താൻ. അല്ലെങ്കിൽ നടുത്തുരുത്തി റോഡ് വഴി ഓട്ടോയിൽ പൂളാടിക്കുന്ന് ജംഗ്ഷനിൽ എത്തി എലത്തൂരിലേയ്ക്ക് ബസ് കയറണം. എലത്തൂർ എത്തിവേണം കോഴിക്കോട്ടേയ്ക്കും മറ്റും പോകാൻ. ഇവിടെ പാലമുണ്ടെങ്കിൽ എലത്തൂരെത്താനും അവിടെനിന്ന് മറ്റിടങ്ങളിലേയ്ക്ക് പോകാനും തങ്ങൾക്ക് ഇത്രയും ബുദ്ധിമുട്ട് വരില്ലെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്. നൂറിലധികം കുടുംബങ്ങളാണ് ഈ ദ്വീപിൽ കഴിയുന്നത്.
സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങി ദ്വീപ് നിവാസികൾക്ക് എന്ത് സൗകര്യത്തിനും എലത്തൂരെത്തണം. എലത്തൂരിൽ നിന്നുവേണം മറ്റിടങ്ങളിലേയ്ക്ക് പോകാൻ. തുടർപഠനത്തിന് നഗരത്തിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എന്നും പോയിവരുന്നത് ബുദ്ധിമുട്ടാണ്. നടുത്തുരുത്തി റോഡ് വഴി ബസ് റൂട്ടില്ലാത്തതും ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. ഒരു തോണി മാത്രമാണ് കടവിലുള്ളത്. ചെറിയ തോണി ആയതിനാൽ മൂന്നുപേരെ മാത്രമേ ഒരുതവണ അക്കരെ എത്തിക്കാനാകൂ. രീവിലെ 6 മണി മുതൽ രാത്രി 8 മണി വരെയാണ് കടത്ത് സമയം. നടുത്തുരുത്തി പാലം യാഥാർത്ഥ്യമാക്കുമെന്ന് എപ്പോഴും നൽകുന്ന വാഗ്ദാനങ്ങൾക്ക് മാത്രം കുറവില്ല. ഫണ്ട് അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പുഴയിൽ സഞ്ചരിക്കാൻ നീന്തൽ അറിയുന്നവർക്ക് പോലും ഭയമാണ്. പുഴയിൽ നിന്നും ഒന്നരകിലോമീറ്റർ മാറിയാൽ അഴിമുഖമാണെന്നതും രക്ഷിതാക്കളെ ഭയപ്പെടുത്തുന്നു. ദ്വീപിന് കരിങ്കൽ ഭിത്തി കെട്ടി സംരക്ഷണമൊരുക്കാത്തതിനാൽ അരിക് ഇടിഞ്ഞുപോകുന്ന അവസ്ഥയുമുണ്ട്. രാത്രിയായാൽ ദ്വീപിലെവിടെയും തെരുവുവിളക്കുകൾ ഇല്ല എന്ന പരാതിയുമുണ്ട്.
@ 100ലധികം കുടുംബങ്ങൾ താമസിക്കുന്ന ദ്വീപാണ്. ദ്വീപ് നിവാസികൾക്ക് പാലം അത്യാവശ്യമാണ്. ഇടക്കാലത്ത് പാലത്തിന് ഫണ്ട് പാസായിരുന്നെങ്കിലും പിന്നീട് വിവരങ്ങൾ ഇല്ല. പാലം വരുന്ന സ്ഥലത്തിന്റെ പേരിലുള്ള തർക്കമാണ് കാരണമെന്ന് കരുതുന്നു.
കെ.ടി പ്രമീള,
തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്
@ എല്ലാ ആവശ്യങ്ങൾക്കും ഞങ്ങൾ എലത്തൂരിലേയ്ക്കാണ് പോകുന്നത്. മഴക്കാലത്ത് വഞ്ചിയിൽ പോകാൻ ബുദ്ധിമുട്ടാണ്. ഓട്ടോയും രണ്ട് ബസും കയറിവേണം റോഡ് മാർഗം എലത്തൂരിലെത്താൻ. കടൽ അടുത്തായതിനാൽ തോണിയിൽ പോകാനും ഭയമാണ് . പാലം വരേണ്ടത് അത്യാവശ്യമാണ്.
രമ്യ, നടുത്തുരുത്തി നിവാസി