കോഴിക്കോട്: പിറന്ന നാടിനെ കാക്കുന്ന സൈനികരോട് ആദരവ് കാട്ടാൻ ഭാരത യാത്രയ്ക്കൊരുങ്ങി നാലംഗ കുടുംബം. വടകര വള്ളിക്കാട് സ്വദേശി രജീഷ് പാലേരി, ഭാര്യ ഷൈജ, മക്കളായ വൈഷ്ണവ്, നീഹാര എന്നിവരാണ് ഇരുചക്രവാഹനത്തിൽ 35 ദിവസം നീളുന്ന യാത്ര പുറപ്പെടുന്നത്. നാളെ രാവിലെ 9ന് കോഴിക്കോട് കടപ്പുറത്ത് മേജർ രവി ഫ്ളാഗ് ഓഫ് ചെയ്യും.
പട്ടാളക്കാരനാവണമെന്ന കുഞ്ഞിലെ മോഹം നടക്കാതെ പോയെങ്കിലും ധീരജവാന്മാരുടെ വീരകഥകൾ രജീഷിനെ ആവേശം കൊള്ളിച്ചു. ആദരവ് ആരാധനയായി മാറിയപ്പോൾ സൈനികർക്ക് ആദരം അർപ്പിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഈ യാത്രയുടെ സ്റ്റാർട്ടിംഗ് പോയിന്റ്. വിദ്യാർത്ഥികളായ മക്കളും ഭാര്യയും പിന്തുണച്ചപ്പോൾ അവരെയും യാത്രയിൽ കൂട്ടുകയായിരുന്നു. 35 വർഷമായി വടകരയിൽ രാംകോ സോഡ ആൻഡ് കൂൾഡ്രിംഗ്സ് സ്ഥാപനം നടത്തി വരികയാണ് അമ്പതുകാരനായ രജീഷ്. യാത്രയിൽ രണസ്മാരകങ്ങളും വീരമൃത്യു വരിച്ച ജവാന്മാരുടെ ഭവനങ്ങളും സന്ദർശിക്കും. യാത്രയുടെ മുന്നോടിയായി സ്വന്തം പഞ്ചായത്തിലെ സൈനികരെ ആദരിച്ചിരുന്നു. 'JUST SET GO ' യൂ ട്യൂബ് ചാനലും ഇൻസ്റ്റഗ്രാം പേജും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9745037633.