കോഴിക്കോട് : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഗുണ്ടകൾക്കെതിരെ ജില്ലയിൽ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്.
മെഡിക്കൽ കോളേജ് കാമ്പസ് ക്വോട്ടേഴ്സിൽ താമസക്കാരനായ ബിലാൽ ബക്കറിനെ (26) യാണ് ഡപ്യൂട്ടി കമ്മിഷണർ അമോസ് മാമന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ബെന്നി ലാലുവും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്ന് പിടികൂടിയത്.ജില്ലാ പൊലീസ് മേധാവി എ.അക്ബറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കളക്ടറാണ് ബിലാലിനെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവിറക്കിയത്.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ബിലാൽ ബക്കറിന് വധശ്രമം,കവർച്ച, ലഹരിക്കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ജില്ലയിൽ മെഡിക്കൽ കോളേജ്, ടൗൺ, കസബ, ഫറോക്ക്, കുന്ദമംഗലം, ചേവായൂർ, വെള്ളയിൽ,ട്രാഫിക്ക് പൊലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുള്ളത്.