കൽപ്പറ്റ: കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഓറഞ്ച്, റെഡ് അലർട്ട് മുന്നറിയിപ്പുള്ള ദിവസങ്ങളിലും, ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിക്കുന്ന സാഹചര്യങ്ങളിലും വനമേഖലയിലെ വിനോദ സഞ്ചാരം നിയന്ത്രിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വനം വകുപ്പിന് നിർദ്ദേശം നൽകി. വനത്തിനുളളിലെ ദുരന്ത സാഹചര്യം നിരന്തരം നിരീക്ഷിക്കണം. അപകട സാഹചര്യം നിലനിൽക്കുന്ന സാഹചര്യങ്ങളിൽ വനത്തിനുള്ളിലെ വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കരുത്. ശക്തമായ മഴയത്ത് വനത്തിനുളളിൽ താമസിക്കുന്ന തദ്ദേശീയർക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്ന് പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പുമായി ചേർന്ന് ഉറപ്പാക്കണം. വനത്തിനുള്ളിൽ വസിക്കുന്നവരെ ആവശ്യമെങ്കിൽ മാറ്റി താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ നടത്തണം. ക്യാമ്പുകൾ സജ്ജമാക്കാൻ അനുയോജ്യമായ കെട്ടിടങ്ങൾ അതാത് ഊരുകളിലോ, ഏറ്റവും അടുത്തുള്ള സുരക്ഷയുള്ള കെട്ടിട സമുച്ചയങ്ങളിലോ കണ്ടെത്തി തയ്യാറാക്കണം. വനത്തിനുള്ളിൽ ക്യാമ്പുകളുടെ നടത്തിപ്പ് പട്ടികജാതിപട്ടികവർഗ്ഗ വികസന വകുപ്പിനും, വനം വകുപ്പിനുമായിരിക്കും. വനമേഖലയിലെ ഊരുകളിൽ പ്രത്യേക ശ്രദ്ധ പുലർത്താനും വകുപ്പുകളോട് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.
വൈദ്യുത സുരക്ഷ രചനാമത്സരം
കൽപ്പറ്റ: വൈദ്യുത സുരക്ഷാവാരത്തോടനുബന്ധിച്ച് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും ഉപന്യാസ മത്സരവും നടത്തും. ഒരു സ്‌കൂളിൽ നിന്ന് ഓരോ വിഭാഗത്തിലും പരമാവധി മൂന്ന് ചിത്രങ്ങൾ, ഉപന്യാസങ്ങൾ വീതം സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ ജൂലൈ 30 ന് മുമ്പ് വയനാട് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ലഭ്യമാക്കണം. ചിത്രങ്ങൾ എ ഫോർ സൈസ് പേപ്പറിലും ഉപന്യാസം രണ്ടു പുറത്തിൽ കവിയാതെയുമാണ് തയ്യാറാക്കേണ്ടത്. ഫോൺ: 04936 295004.
ടൈമിങ്ങ് കോൺഫറൻസ്
കൽപ്പറ്റ: ആർ ടി എ യോഗത്തിൽ അനുവദിച്ച സുൽത്താൻ ബത്തേരി പാട്ടവയൽ ഐറ്റം നമ്പർ 5, 6, 7 എന്നീ പെർമിറ്റ് അപേക്ഷകൾ അനുവദിക്കുന്നതിനായുള്ള ടൈമിങ്ങ് കോൺഫറൻസ് 20 രാവിലെ 11ന് കൽപ്പറ്റ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. ഫോൺ: 04936 202607.