കോഴിക്കോട്: കെ.എസ്.ആർ.ടി.സി ഡ്രൈവറും അച്ഛനും ചേർന്ന് സ്ത്രീയെ നടുറോഡിലിട്ട് മർദ്ദിക്കുകയും ശരീരഭാഗത്ത് പിടിച്ച് അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ബാലുശ്ശേരി പൊലീസ് പ്രതികളെ പിടികൂടിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ.
കോഴിക്കോട് (റൂറൽ) ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. ആഗസ്റ്റിൽ കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഏപ്രിൽ 7 ന് വൈകിട്ടാണ് സംഭവം. മർദ്ദനമേറ്റ സ്ത്രീ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് സി.ജെ.എം കോടതിയിൽ ഏപ്രിൽ 29 ന് ഹാജരായി മൊഴിയും നൽകി. പൊലീസ് കേസെടുത്തിട്ടും നീതി കിട്ടിയില്ലെന്നാണ് നന്മണ്ട സ്വദേശിനിയുടെ പരാതി.