bjp

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ സമാന്തര ഭരണത്തിനെതിരെ സമര പരമ്പര ആരംഭിക്കാൻ ബി.ജെ.പി. ഈമാസം 20 മുതൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സപ്തദിന സത്യാഗ്രഹം ബി.ജെ.പി കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തും. 20ന് ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസും 27ന് സമാപന ദിവസം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ് 9 ന് കോർപ്പറേഷൻ വളഞ്ഞ് ക്വിറ്റ് മാഫിയ ശ്യംഖല തീർക്കും. സമരത്തിന് മുന്നോടിയായി മണ്ഡലം പ്രസിഡന്റുമാരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ പ്രചാരണ ജാഥകൾ സംഘടിപ്പിക്കും. വ്യാജ കെട്ടിട നമ്പർ നൽകിയതുമായ ബന്ധപ്പെട്ട അന്വേഷണത്തിൽ പുകമറ സൃഷ്ടിച്ച് ആരെയും രക്ഷിക്കാൻ അനുവദിക്കില്ല. രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ സമാന സംഭവമുണ്ടായതോടെ യു.ഡി.എഫും എൽ.ഡി.എഫും ഒത്തുതീർപ്പിന് ശ്രമിക്കുകയാണ്. യു.ഡി.എഫിലെ ഒരു ഉന്നതന്റെ അക്കൗണ്ടിലേക്ക് അഴിമതിപ്പണം വന്നതും അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ.വി.സുധീർ, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, കൗൺസിൽ പാർട്ടി ലീഡർ നവ്യാ ഹരിദാസ്, രമ്യാ സന്തോഷ് എന്നിവരും പങ്കെടുത്തു.