കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അക്കാദമി നാളെ മുതൽ കൈരളി, ശ്രീ തിയേറ്ററുകളിൽ സംഘടിപ്പിക്കുന്ന മുന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നവർക്കുള്ള ഡെലിഗേറ്റ് പാസുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. രാവിലെ 11.30ന് കൈരളി തിയേറ്റർ പരിസരത്ത് നടക്കുന്ന ചടങ്ങ് ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ആദ്യ പാസിന്റെ വിതരണം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് നിർവഹിക്കും.
മേളയിൽ വനിതാ സംവിധായകരുടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിക്‌ഷൻ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫീസിൽ സജ്ജീകരിച്ച ഹെൽപ്പ് ഡെസ്‌ക് മുഖേന ഓഫ് ലൈൻ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. മുതിർന്നവർക്ക് 300 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.