സുൽത്താൻ ബത്തേരി: ഓടികൊണ്ടിരിക്കവെ ബസിന് മുന്നിലേക്ക് മരം വീണു. അപകടം ഒഴിവായതിനാൽ യാത്രക്കാർ രക്ഷപ്പെട്ടു. സുൽത്താൻ ബത്തേരി-പാപ്ലശ്ശേരി റൂട്ടിൽ ചപ്പകൊല്ലിയിൽ ഇന്നലെ വൈകുന്നേരം മൂന്നേകാലോടെയാണ് സംഭവം.
ബത്തേരിയിൽ നിന്ന് നിറയെ യാത്രക്കാരുമായി പാപ്ലശ്ശേരിക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസിന്റെ മുന്നിലേക്കാണ് റോഡരുകിൽ നിന്ന വലിയ കരിവെട്ടി മരം കടപുഴകി റോഡിന് വിലങ്ങനെ വീണത്. മരം വീഴുന്നത്കണ്ട് ഡ്രൈവർ വണ്ടി നിർത്തിയതിനാൽ അപകടം ഒഴിവായി. ബസിന് രണ്ട് മീറ്റർ മുന്നിലായാണ് മരം വീണത്.
ഇലക്ട്രിക് ലൈനിൽതട്ടി ലൈനുംപോസ്റ്റും തകർത്താണ് മരം നിലം പതിച്ചത്. പത്തോളം ഇലക്ട്രിക് പോസ്റ്റുകളും അതിലെ കമ്പിയും പൊട്ടിവീണു. മരം ഇലക്ട്രിക് ലൈനിൽ തട്ടിയതോടെ വൈദ്യുതി ബന്ധം നിലച്ചതിനാൽ വൻദുരന്തം ഒഴിവായി. ബസ് ഡ്രൈവർ വളരെ ശ്രദ്ധാലുവായതിനാലാണ് മരം വീഴുന്നത് കണ്ട് കൃത്യമായി വണ്ടി നിർത്തി അപകടം ഒഴിവാക്കിയതെന്ന് ബസിലെ യാത്രക്കാർ പറഞ്ഞു.
ഫോട്ടോ--മരം
ചപ്പകൊല്ലിയിൽ ബസിന് മുന്നിലേക്ക് കടപുഴകി വീണ മരം