സുൽത്താൻ ബത്തേരി: മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ വ്യാപകമായി മരങ്ങൾ നിലംപതിച്ചു. ബത്തേരി താലൂക്കിൽ മാത്രം ഇന്നലെ പത്തിടങ്ങളിലാണ് മരം വീണ് കെട്ടിടങ്ങൾക്ക് കേട്പാട് സംഭവിക്കുകയും വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തത്. പലയിടങ്ങളിലും ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
ബത്തേരി കെ.എസ്.ആർ.ടി.സി ഗ്യാരേജ് പരിസരത്ത് കൂറ്റൻ മരം നിലം പതിച്ച് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിൽ കല്ലൂരിനടുത്ത 67-ൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം മുടങ്ങി. ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

കോളൂരിൽ വീടിന് മുകളിലേക്ക് മരം വീണ് വീട് തകർന്നു. സംഭവം നടക്കുമ്പോൾ പ്രായമായ ഒരു സ്ത്രീ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയാണ് ഇവരെ വീട്ടിൽ നിന്ന് പുറത്തെത്തിച്ചത്.
ഓടപ്പള്ളത്തും പാട്ടവയലിലും വീടിന് മുകളിൽ മരം വീണു. ആർക്കും അപകടത്തിൽ പരിക്കില്ലെങ്കിലും വീട് നശിച്ചു. വീടിനും കെട്ടിടങ്ങൾക്ക്‌മേലും മരം വീണ് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്. മരം വീണ് പലസ്ഥലങ്ങളിലും വൈദ്യുത പോസ്റ്റുകൾ തകർന്നു. വൈദ്യുത ബന്ധവും തടസ്സപ്പെട്ടു.

അഗ്നിരക്ഷസേന ബത്തേരി സ്റ്റേഷൻ ഓഫീസർ നിതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫീസർ ഭരതൻ, സീനിയർ റസ്‌ക്യു ഓഫീസർ റഫീഖ്, ഫയർ ആന്റ് റസ്‌ക്യു ഓഫീസർമാരായ കെ.സിജു, എൻ.എസ്.അനൂപ്, ധനീഷ്‌കുമാർ, കീർത്തികുമാർ, ശ്രീരാഗ്, അരുൺ,ഹോംഗാർഡുമാരായ ബാബുമാത്യു, ബാലൻ, ഫിലിപ്പ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


ഫോട്ടോ-രക്ഷ
കോളൂരിൽ വീടിന്റെ മേൽപതിച്ച മരം അഗ്നിരക്ഷസേനാ പ്രവർത്തകർ നീക്കുന്നു.
ഫോട്ടോ-കുട്ടി
വീടിനകത്ത് കുടങ്ങിയ കുട്ടിയെ ഫയർ ആൻഡ് റസ്‌ക്യു പ്രവർത്തകർ രക്ഷിക്കുന്നു.