മേപ്പാടി: എളമ്പലേരിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. എളമ്പലേരി എസ്റ്റേറ്റിലാണ് കഴിഞ്ഞദിവസം രാത്രിയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഒന്നര ഏക്കറോളം വരുന്ന സ്ഥലത്തെ ഏലം കൃഷി ആന നശിപ്പിച്ചു. വിളവെടുപ്പ് ആരംഭിച്ച തോട്ടങ്ങളിലാണ് ആന വ്യാപകമായ നാശനഷ്ടം വരുത്തിയത്. ഏലം ചെടികൾ ചവിട്ടി നശിപ്പിക്കുകയും ചെടികൾ ഒന്നാകെ പിഴുത് മാറ്റുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് എസ്റ്റേറ്റിലെ തൊഴിലാളികളെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്ന് പ്രദേശം വിജനമായതോടെയാണ് കാട്ടാനകൾ രാപ്പകൽ ഭേദമില്ലാതെ ഇവിടെ ഇറങ്ങാൻ തുടങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. മേപ്പാടിയിൽ ഏറ്റവും അധികം ഏലം കൃഷി ചെയ്യുന്ന പ്രദേശമാണിത്. രാത്രിയും പകലും കാവലിരുന്നായിരുന്നു കൃഷി സംരക്ഷിച്ചു പോന്നിരുന്നത്. ഇതിനിടയിലാണ് കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വരുത്തിയത്.