കോഴിക്കോട്: കാലവർഷക്കെടുതി ജില്ലയിൽ ഒരു മരണവും 30 വീടുകൾക്ക് ഭാഗികനാശനഷ്ടവും. താമരശ്ശേരി താലൂക്കിൽ തിരുവമ്പാടി വില്ലേജിലെ മരിയാപുരം ജോസഫ് എന്ന കുഞ്ഞുട്ടി (70)യാണ് സ്രാമ്പിയിലെ തോട്ടിൽ വീണ് മരിച്ചത്. മൃതദേഹം കണ്ടെടുത്ത് തുടർനടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
24 വില്ലേജുകളിലായി 30 വീടുകൾ ഭാഗികമായി തകർന്നു. ഫറോക്ക് വില്ലേജിലെ ജസീല പാണ്ടികശാലയുടെ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് തകർന്നു. പെരുമണ്ണ വില്ലേജിലെ ചെറുകയിൽ സുലോചനയുടെ വീടിനു മുകളിലും തെങ്ങ് കടപുഴകി വീണു. ചോറോട് വില്ലേജ് മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപം വി.പി. അബ്ദുള്ളയുടെ പലചരക്കു കട ശക്തമായ കാറ്റിലും മഴയിലും പൂർണമായും തകർന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു തീരദേശ റോഡിൽ വീഴാൻ സാദ്ധ്യത ഉള്ളതിനാൽ റോഡിൽ കയറുകൊണ്ട് കെട്ടി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വളയം വില്ലേജിലെ തറോക്കണ്ടിയിൽ മാതുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണു കേട്പാടുകൾ സംഭവിച്ചു. കൂത്താളിയിലെ എടക്കണ്ടി മലോൽ ഇബ്രായിയുടെ വീടിന് മുകളിൽ തേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു.
ചത്തോത്ത് മീത്തൽ കുഞ്ഞി മൊയ്തീന്റെ വീടിന് മുകളിൽ തേക്ക് മരം മുറിഞ്ഞു വീണു. മരം വീണ് കെ.എസ്.ഇ.ബി പോസ്റ്റും തകർന്നു. എലത്തൂർ വില്ലേജിലെ മൊകവൂരിൽ പെരിങ്ങിണി സുധാകരന്റെ വീടിന് തെങ്ങ് വീണ് ഭാഗികനാശനഷ്ടം സംഭവിച്ചു. കനത്ത മഴയിൽ ഫറോക്ക് ചന്തക്കടവ് കുഞ്ഞു വീട് പറമ്പിൽ ജമീലയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീണു. കക്കാട് വില്ലേജിൽ ഒക്കല്ലെറി സുബൈദയുടെ വീടിന്റെ മേൽക്കൂര തകർന്നു. തേക്ക് മരം കെ.എസ്.ഇ.ബി ലൈനിനു മേൽ വീണ് സ്റ്റേ വയർ വലിഞ്ഞ് മാവൂർ പാലങ്ങാട് ദേശത്ത് ഉണിക്കുമരം വീട്ടിൽ ചന്ദ്രൻ നായരുടെ വീടിന് ഭാഗികനാശമുണ്ടായി. കക്കാട് വില്ലേജിൽ കരിമ്പനകണ്ടി കാരിക്കുട്ടിയുടെ വീടിനു മുകളിൽ അയൽവാസിയുടെ മുറ്റം ഇടിഞ്ഞു വീണ് അടുക്കള ഭാഗം തകർന്നു.
@ രോഗപ്രതിരോധ സഹായങ്ങൾക്ക് കൺട്രോൾ റൂം ആരംഭിച്ചു
ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂം തുടങ്ങിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന നമ്പറിലേക്ക് ദുരന്ത നിവാരണ, രോഗപ്രതിരോധ സഹായങ്ങൾക്ക് വിളിക്കാം. ഫോൺ: 0495 2373903.
@ ചെറുവാടി ഗ്രാമത്തിൽ വെള്ളംവെള്ളം കയറുന്നു
കൊടിയത്തൂർ: ഇരവഞ്ഞി -ചാലിയാർ പുഴയുടെ സംഗമതീരമായ ചെറുവാടി ഗ്രാമത്തിലേയ്ക്ക് വെള്ളം കയറാൻ തുടങ്ങി. കഴിഞ്ഞ പ്രളയത്തിന് ശേഷം ആദ്യമായാണ് ഇവിടെ വെള്ളം കയറുന്നത്. വെള്ളം ഒരു മീറ്റർ ഉയർന്നാൽ ചെറുവാടിയിലെ കടകളിലും 500ഓളം വീടുകളും വെള്ളത്തിനടിയിലാകും. വൈകിട്ടോട് കൂടി ചുള്ളിക്കാപ്പറമ്പ് - ചെറുവാടി അങ്ങടിയിലെ കടകളിൽ ഭാഗീഗമായി വെള്ളം കയറി. ചുള്ളിക്കാപറമ്പ്- തേളിരി- കുന്നുമ്മൽ റോഡ്, കണ്ടങ്ങൽ, വരിയഞ്ചാൽ റോഡ്, കൊടിയത്തൂർ - കാരാട്ട് റോഡ് എന്നിവിടങ്ങളിലും ഭാഗീകമായി വെള്ളം കയറി. 2018-19ലെ പ്രളയങ്ങളിൽ തോണിയില്ലാതെ കഷ്ടപ്പെട്ട നാട്ടുകാരിൽ പലരും സ്വന്തമായി തോണി നിർമ്മിച്ച് വെള്ളപ്പൊക്കത്തെ നേരിടാൻ സജ്ജമാണ്.