സുൽത്താൻബത്തേരി: തോട്ടാമൂലയിലെ കാട്ടാനശല്യം പരിഹരിക്കുന്നതിനായി വനംവകുപ്പ് നൽകിയ വാക്കുപാലിക്കുന്നില്ലന്ന ആരോപണവുമായി കർഷകർ. കാട്ടാനയിറങ്ങുന്നത് തടയാൻ വനാതിർത്തികളിലെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്ന ഉറപ്പാണ് പാലിക്കപ്പെടാത്തത്. കഴിഞ്ഞദിവസങ്ങളിലും കാട്ടാന ഇറങ്ങി ഭീതി പരത്തിയെന്നും പ്രതിരോധനടപടികൾ വൈകിയാൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നുമാണ് കർഷകർ പറയുന്നത്.
നൂൽപ്പുഴ പഞ്ചായത്തിലെ തോട്ടാമൂല,നെന്മേനിക്കുന്ന്, പുലിതൂക്കി, തേക്കുംപറ്റ, കാക്കമല പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. പ്രദേശത്ത് നിരന്തരം ഇറങ്ങുന്ന കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനുപുറമെ സ്വത്തിനും ജീവനുംകൂടി ഭീഷണിയായി മാറിയിരിക്കുകയാണ്.

രണ്ടാഴ്ചമുമ്പ് പ്രദേശത്ത് ഇറങ്ങിയ കാട്ടാന കൃഷിനശിപ്പിച്ചതിനുപുറമെ കാറിനു നേരെയും ആക്രമണം നടത്തി. ഇതോടെ പ്രതിഷേധവുമായി ഇറങ്ങിയ നാട്ടുകാർ വനപാലകരെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടർന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ചർച്ചനടത്തുകയും കാട്ടാനകളെ തടയുന്നതിന് വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്ന് എസിഎഫ് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
നാട്ടിലിറങ്ങി കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ കുങ്കിയാനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് തുരത്തുമെന്നതടക്കമുളള ഉറപ്പുകളാണ് കർഷകർക്ക് നൽകിയത്. വനാതിർത്തികളിലെ ഫെൻസിംഗ് കാര്യക്ഷമമാക്കുമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ലെലന്നാണ് കർഷകർ പറയുന്നത്. കാട്ടാന ഇറങ്ങിയത് വനംവകുപ്പുദ്യോഗസ്ഥരെ ഫോണിലൂടെ അറിയിക്കുമ്പോൾ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും ആരോപണം ഉണ്ട്.