കൽപ്പറ്റ: കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മുഴുവൻ വകുപ്പുകളുടെയും ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കാൻ ജില്ലയുടെ ചുമതല വഹിക്കുന്ന വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. ജില്ലയിലെ കാലവർഷ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി.

കാലവർഷം ജില്ലയുടെ നിലവിലെ സ്ഥിതി വിവരങ്ങൾ

ജില്ലയിൽ ഇന്നും ഞായർ മഞ്ഞ അലർട്ടാണ്. ഈ വർഷം ജൂൺ ഒന്ന് മുതൽ ഇതുവരെ 1184 മി.മി. മഴയാണ് ലഭിച്ചത്. അവസാന 24 മണിക്കൂറിൽ 58 മി.മി. മഴ ലഭിച്ചു. മാനന്തവാടി താലൂക്കിൽ 856 ഉം വൈത്തിരിയിൽ 990 ഉം ബത്തേരിയിൽ 486 ഉം മില്ലി മീറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്. തൊണ്ടർനാട്, പടിഞ്ഞാറത്തറ ഭാഗങ്ങളിലാണ് ജില്ലയിൽ ഏറ്റവും മഴ ലഭിച്ചത്.

കാരാപ്പുഴ ഡാമിലെ നിലവിലെ ജലനിരപ്പ് 758.6 മീറ്ററും ബാണാസുരയിലേത് 770.15 മീറ്ററുമാണ്. കാരാപ്പുഴയുടെ മൂന്ന് ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്. ബാണാസുരയുടെ അപ്പർ റൂൾ ലെവൽ 773.5 ആയതിനാൽ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമില്ല.
കർണാടകയിലെ ബീച്ചനഹള്ളി ഡാമിൽ 2282.23 അടി ജലനിരപ്പായിട്ടുണ്ട്. 2282.234 അടിയാണ്. ഡാം അധികൃതരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകൾ

നിലവിൽ 16 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ തുറന്നത്. 218 കുടുംബങ്ങളിലെ 890 പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. വൈത്തിരി താലൂക്കിൽ 10 ക്യാമ്പുകളിലായി 130 കുടുംബങ്ങളെയും (514 പേർ), മാനന്തവാടി താലൂക്കിൽ നാല് ക്യാമ്പുകളിലായി 74 കുടുംബങ്ങളെയും (322 പേർ) സുൽത്താൻ ബത്തേരി താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി 14 കുടുംബങ്ങളെയും (54 പേർ) മാറ്റിത്താമസിപ്പിച്ചു. 118 കുടുംബങ്ങൾ ബന്ധുവീടുകളിലും മാറി താമസിക്കുന്നുണ്ട്.

തകർന്നത് 112 വീടുകൾ
190 ഹെക്ടർ കൃഷി നാശം

കാലവർഷം തുടങ്ങിയ ശേഷം ജില്ലയിൽ ഇതുവരെയായി അഞ്ച് വീടുകൾ പൂർണമായും 107 വീടുകൾ ഭാഗികമായും തകർന്നു. 112 വീടുകൾക്ക് ആകെ 1.26 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആകെ 190.03 ഹെക്ടർ കൃഷി നാശം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക്. 3167 പേർക്കായി 24,36,86000 രൂപയുടെ നഷ്ടമാണ് ഈയിനത്തിൽ റിപ്പോർട്ട് ചെയ്തത്. കെ.എസ്.ഇ.ബിക്ക് 40.1 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 375 പോസ്റ്റുകൾ, 3 ട്രാൻസ്‌ഫോർമറുകൾ, 30 കിലോമീറ്റർ ലൈൻ എന്നിവക്ക് നാശം സംഭവിച്ചു.

സ്വീകരിച്ച നടപടികൾ

ജില്ലാതാലൂക്ക് കേന്ദ്രങ്ങളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന മഴക്കാല കൺട്രോൾ റുമുകൾ പ്രവർത്തനക്ഷമമാണ്. ക്രമീകരണങ്ങൾ ഉറപ്പ് വരുത്തുന്നതിനായി താലൂക്ക്തലത്തിൽ ചാർജ്ജ് ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ പൊലീസും കൃഷി വകുപ്പും എല്ലാ പഞ്ചായത്തുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ജില്ലയിൽ ദുരന്ത സാധ്യത മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളുടെ വിവരങ്ങളും, അവശ്യഘട്ടങ്ങളിൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിന് ക്യാമ്പുകളായി ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. വെള്ളപൊക്ക ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു വരുന്നു.

അപകടഭീഷണിയിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ/ശിഖരങ്ങൾ മുറിച്ച് മാറ്റുന്നതിന് ഉത്തരവ് നൽകി. യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറി പ്രവർത്തിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടകളുടെ യോഗം വിളിച്ച് ചേർത്ത് ഇന്റർ ഏജൻസി ഗ്രൂപ്പ് (ഐ.എ.ജി) രൂപീകരിച്ചിട്ടുണ്ട്. ഐ.എ.ജി അംഗങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കും വില്ലേജ് ഓഫീസർമാർക്കും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലാ തലത്തിലും താലൂക്ക് തലത്തിലും ദുരന്ത പ്രതികണ ടീമുകൾ പുന:സംഘടിപ്പിച്ചിട്ടുണ്ട്. ദുരന്ത സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണതലത്തിൽ ദുരന്ത പ്രതികരണ സേന രൂപീകരിച്ചിട്ടുണ്ട്.

പുഴകളിൽ നിന്നും എക്കലുകൾ നീക്കം ചെയ്യുന്ന പ്രവൃത്തി 93 ശതമാനം പൂർത്തീകരിച്ചു. ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്.) യുടെ 19 അംഗങ്ങൾ ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

ജില്ലയിൽ ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്കുള്ളതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ഓൺലൈനിലാണ് മന്ത്രിയും ടി.സിദ്ദിഖ് എം.എൽ.എയും യോഗത്തിൽ പങ്കെടുത്തത്.

കളക്ടറേറ്റ് മിനി കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എ.ഗീത, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, എ.ഡി.എം എൻ.ഐ.ഷാജു, ഡെപ്യൂട്ടി കളക്ടർമാരായ വി.അബൂബക്കർ, കെ.അജീഷ്, ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ തുടങ്ങിയവരും പങ്കെടുത്തു.