കൊയിലാണ്ടി: ട്രാളിംഗ് നിരോധനം തുടരുന്നതിനിടെ ജില്ലയിൽ വളർച്ചയെത്താത്ത മീൻ കുഞ്ഞുങ്ങളെ പിടികൂടുന്നത് വ്യാപകമാകുന്നു. കുഞ്ഞൻ മത്തി, അയലക്കുട്ടി എന്നിവയെയാണ് കൂടുതലായും പിടിക്കുന്നത്. അഞ്ച്, ആറ് സെന്റീമീറ്റർ മാത്രം നീളമുള്ളവയാണിവ. ട്രോളിംഗ് കാലത്ത് പരമാവധി പത്ത് സെന്റീമീറ്ററിന് മുകളിലുള്ള മത്തി മാത്രമേ പിടിക്കാവൂവെന്നാണ് നിയമം. എന്നാൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഹാർബറിൽ ഇത്തരം മീനുകളാണ് കൂടുതലായും എത്താറുള്ളത്. ഹാർബറിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും പരിശോധന നടത്താറില്ല. കിലോഗ്രാമിന് അമ്പത് രൂപ നിരക്കിലാണ് പ്രാദേശികവിപണിയിൽ വില്പന. കൂടുതലും ഉഡുപ്പിയിലെ വളനിർമ്മാണത്തിനായി കൊണ്ട് പോവുകയാണ് ചെയ്യുന്നത്. പരമ്പരാഗത മത്സ്യ തൊഴിലാളികളിൽ വലിയ ഒരു വിഭാഗം അശാസ്ത്രീയമത്സ്യബന്ധനത്തിനെതിരാണ്. എന്നാൽ മറ്റ് ഹാർബറിൽ ഇവ പിടിക്കുന്നു എന്നും പറഞ്ഞാണ് ഇത്തരം മീൻ കുഞ്ഞുങ്ങളെ പിടിക്കുന്നത്. ഇവ ഒന്ന് രണ്ട് ആഴ്ച കഴിയുമ്പോൾ വലുതാവുകയും ഒരു കിലോ ഭാരമുള്ളതായി മാറുകയും ചെയ്യുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

@ പൂർണ്ണ വളർച്ചയെത്തിയിട്ട് പിടിക്കാം

പ്രജനനകാലത്ത് മീൻകുഞ്ഞുങ്ങളെ പിടികൂടുന്നത് ഒഴിവാക്കാനാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ മീൻപിടിത്തം ഒഴിവാക്കിയാൽ മാത്രമേ മുട്ടകൾ വിരിഞ്ഞ് മത്സ്യക്കുഞ്ഞുങ്ങൾ വളരുകയുള്ളൂ. വള്ളങ്ങൾ ഉപയോഗിച്ച് മീൻപിടിത്തം നടത്തുന്നതിന് നിരോധനം ബാധകമല്ലെങ്കിലും വലുപ്പത്തിൽ കുറവുള്ള മീൻ പിടിക്കുന്നത് കർശ്ശനമായി നിരോധിച്ചിട്ടുണ്ട്.