
@ എത്തിയത് നാലംഗ സായുധ സംഘം
കുറ്റ്യാടി: ബഫർ സോൺ പോസ്റ്റർ പതിച്ചതിന് പിന്നാലെ പശുക്കടവിൽ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. ഒടുവിലെത്തിയത് സായുധരായ നാലംഗ സംഘം. വെള്ളിയാഴ്ച രാത്രി ഏഴോടെ പശുക്കടവിൽ ഒറ്റപ്പെട്ടു കിടക്കുന്ന പൃക്കൻതോട് തായിപ്പുരയിടത്തിൽ ആൻഡ്രൂസിന്റെ വീട്ടിലാണ് മൂന്ന് സ്ത്രീകളും ഒരു പുരുഷനുമടങ്ങിയ സംഘമെത്തിയത്. വിവരമറിഞ്ഞ് നാദാപുരം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിൽ രണ്ടു സ്ത്രീകളെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. പൊലിസും കോടതിയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ഉണ്ണിമായ, സുന്ദരി എന്നിവരാണെന്നാണ് പൊലിസ് നൽകുന്ന സൂചന.
ബഫർ സോണുമായി ബന്ധപ്പെട്ട് നിങ്ങൾ ഇവിടം വിട്ട് പോകരുത്, ആവശ്യമായ മുഴുവൻ സംരക്ഷണവും ഞങ്ങൾ തരുമെന്ന് ആയുധധാരികളായ സംഘം ഉറപ്പു നൽകിയതായി വീട്ടുടമ പൊലിസിന് മൊഴി നൽകി. ഒരാഴ്ച മുമ്പ് പശുക്കടവ് അങ്ങാടിയിൽ പോസ്റ്ററുകൾ പതിച്ചതിന് പിന്നിൽ തങ്ങളാണെന്നും സംഘം വീട്ടുകാരോട് വെളിപ്പെടുത്തി. വീട്ടുകാർക്ക് നിർദ്ദേശം നൽകിയ ശേഷം കടന്തറപ്പുഴ കടന്ന് മാവട്ടം ഭാഗത്തേക്കാണ് സംഘം പോയതെന്നും ആൻഡ്രൂസ് പൊലിസിന് മൊഴി നൽകി.