comfort
കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ.

കോഴിക്കോട്: ദിവസവും ആയിരക്കണക്കിനാളുകൾ വന്ന് പോകുന്ന പാളയം സ്റ്റാൻഡിലെ കംഫർട്ട്‌ സ്റ്റേഷൻ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസം ഒന്ന്. സ്ത്രീകളും പുരുഷന്മാരുമാടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങൾ പ്രാഥമികാവശ്യങ്ങൾക്ക് വഴിയില്ലാതെ വലയുകയാണ്.

ഒരു മാസം മുമ്പാണ് മൂന്ന് ദിവസത്തേയ്ക്ക് എന്ന് പറഞ്ഞ് കംഫർട്ട് സ്റ്റേഷൻ അടച്ചത്. മാലിന്യം പോകുന്ന പഴയ ടാങ്ക് ലീക്കാവുന്നതിനാൽ നന്നാക്കാനാണ് സ്റ്റേഷൻ അടച്ചിട്ടത്. എന്നാൽ മഴ ആയതോടെ പണി അവതാളത്തിലായി.

യാത്രക്കാർ മാത്രമല്ല സ്റ്റാൻഡിലെ കച്ചവടക്കാരും ബസ് ജീവനക്കാരും ഓട്ടോക്കാരും ഉപയോഗിക്കുന്നത് ഇവിടെയാണ്. നിവൃത്തികേട് കൊണ്ട് പുരുഷന്മാർ സ്റ്റാൻഡിന്റെ പല മൂലകളിലും മൂത്രമൊഴിക്കുന്നതായും കച്ചവടക്കാർ പരാതി പറയുന്നു. അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയില്ലെന്നാണ് സ്റ്റാൻഡിലെ കച്ചവടക്കാർ പറയുന്നത്. എന്നാൽ ടാങ്കിനായി കുഴിയെടുത്തെങ്കിലും മഴ മൂലം പണി നിറുത്തിവയ്ക്കേണ്ടി വന്നതാണെന്നാണ് കോർപ്പറേഷൻ പറയുന്നത്. മോട്ടോർ വച്ച് വെള്ളം കളയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാകാഞ്ഞിട്ടല്ല, രണ്ട് ദിവസം മഴ മാറി നിന്നാലല്ലേ പണി പൂർത്തിയാക്കാൻ കഴിയൂ എന്നാണ് കോർപ്പറേഷൻ അധികൃതരുടെ ഭാഷ്യം. സ്റ്റാൻഡിന് മുകളിൽ അടച്ചിട്ടിരിക്കുന്ന ടോയ്ലെറ്റ് എങ്കിലും ഇത്തരം സാഹചര്യങ്ങളിൽ തുറന്ന് നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. കച്ചവടം നടത്തുന്നവരും ബസ് ജീവനക്കാരുമെല്ലാം ഹോട്ടലും വീടുകളുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

മാത്രമല്ല, വർഷങ്ങളായി വൃത്തിഹീനമായ സാഹചര്യത്തിലാണ് കഴിയുന്നതെന്നും ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പാളയം സ്റ്റാൻഡിലെ കച്ചവടക്കാർ ആവശ്യപ്പെടുന്നു. മഴ കൂടിയാകുമ്പോൾ ഇരട്ടി വൃത്തിഹീനമാകുകയാണിവിടെ. വൃത്തിഹീനമായ സാഹചര്യങ്ങൾ കൊതുകുജന്യ രോഗങ്ങൾക്ക് കാരണമാകുമെന്നും നിരവധി തവണ കൗൺസിലറോട് ആവശ്യപ്പെട്ടുവെങ്കിലും നടപടി എടുത്തില്ലെന്നും അവർ ആരോപിച്ചു.

@ ഒന്നാമതേ സ്റ്റാൻഡ് വൃത്തിഹീനമാണ്. അതിന്റെ കൂടെയാണ് കംഫർട്ട് സ്റ്റേഷനും അടച്ചിടുന്നത്. യാത്രക്കാർക്ക് മാത്രമല്ല ഇതിനുള്ളിൽ തന്നെ ഇരിക്കേണ്ടി വരുന്ന കച്ചവടക്കാർക്കും ബസ് ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സ്റ്റേഷൻ അടച്ചിടുന്നതുകൊണ്ട് ഉണ്ടാകുന്നത്. എത്രയും പെട്ടെന്ന് പണി പൂർത്തീകരിക്കണം.

കെ.പി സഫ്രു,

കച്ചവടക്കാരൻ, പാളയം സ്റ്റാൻഡ്

@ തുടർച്ചയായ മഴ മൂലമാണ് പണി നിറുത്തിവയ്ക്കേണ്ടി വന്നത്. പണി പൂർത്തിയാക്കാൻ മോട്ടോർ അടക്കം വച്ച് ശ്രമങ്ങൾ നടത്തിയിരുന്നു. കുഴിയിലേയ്ക്ക് വെള്ളം ഇറങ്ങിക്കൊണ്ടേയിരിക്കുകയാണ്. മഴ മാറിയാലുടൻ പണി ആരംഭിക്കും.

കെ.യു ബിനി,

കോർപ്പറേഷൻ സെക്രട്ടറി