ss

മണ്ണാർക്കാട്: അട്ടപ്പാടി മധുവധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. 12ാം സാക്ഷി വനംവകുപ്പ് വാച്ചർ അനിൽകുമാറാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനിൽകുമാർ കോടതിയിൽ പറഞ്ഞു. പൊലീസ് നിർബന്ധിച്ചാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും അനിൽ കുമാർ പറഞ്ഞു. പത്തും പതിനൊന്നും സാക്ഷികൾ മുമ്പ് വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ഇതോടെ കേസിൽ കുറുമായി പ്രോസികൂഷ്യന്‍ സാക്ഷികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസം പത്താം സാക്ഷി ഉണ്ണികൃഷ്ണനും, പതിനൊന്നാം സാക്ഷി ചന്ദ്രനും കൂറുമാറിയിരുന്നു. പൊലീസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നൽകിയത് എന്നാണ് ഇരുവരും കോടതിയിൽ വിശദീകരിച്ചത്.

സാക്ഷികൾ കൂറുമാറുന്നത് പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണെന്ന് മധുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാൻ കുടുംബം ഹൈക്കോടതിയിൽ ഹർജിയും നൽകി. ഇതേ തുടർന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞിരുന്നു. തുടർന്ന് ഇന്ന് അഡ്വ. രാജേഷ് എം.മേനോനാണ് കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി കോടതിയിലെത്തിയത്.

 പൊട്ടിക്കരഞ്ഞ് സഹോദരി

കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറുന്നത് തുടരുന്നതോടെ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി സരസു. കേസിലെ സാക്ഷികൾ കൂറുമാറാതിരിക്കാൻ തങ്ങളോട് പണം ആവശ്യപ്പെടുത്തതായി സരസു പറഞ്ഞു. ചില നാട്ടുകാർ ഈ കേസിൽ നിന്ന് പിന്മാൻ പല വാഗ്ദാനങ്ങളും നൽകി. തങ്ങൾ അതിനൊന്നും വഴങ്ങിയില്ല. ഒടുവിൽ ഭീഷണിപ്പെടുത്തുന്ന അവസ്ഥവരെയുണ്ട്. ഓരോ ദിവസവും ഭയന്നാണ് നാട്ടിൽ ജീവിക്കുന്നതെന്നും സരസു വ്യക്തമാക്കി.

 കൂറുമാറിയ സാക്ഷിയെ പൊലീസ് ഭീഷണിപ്പെടുത്തി

അതേസമയം കൂറുമാറി മൊഴി നൽകിയ അനിൽ കുമാറിനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും ആക്ഷേപം ഉയർന്നു. അനിൽകുമാർ തന്നെയാണ് ആരോപണമുയർത്തിയത്. പുറത്തുവന്നാൽ കാണിച്ചു തരാം എന്ന രീതിയിൽ കോടതിക്ക് പുറത്തുണ്ടായിരുന്ന പൊലീസ് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് കോടതിക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നുമാണ്
അനിൽകുമാർ ആരോപിച്ചത്.