film
കോഴിക്കോട് നടന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ സംവിധായിക കുഞ്ഞില മാസിലാമണിയുടെ സിനിമയ്ക്ക് പ്രദർശനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൾച്ചറൽ ഫോറം കൈരളി തീയേറ്ററിന് മുന്നിൽ നടത്തിയ പ്രതിഷേധം.

കോഴിക്കോട്: മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. വിവാദങ്ങളൊഴിയാത്ത മൂന്ന് ദിവസങ്ങൾ ആയിരുന്നെങ്കിലും പ്രേക്ഷക പിന്തുണയോടെ മേള വൻ വിജയമായി. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിക്‌ഷൻ എന്നീ വിഭാഗങ്ങളിലായി 23 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ലക്ഷദ്വീപിന്റെ കഥ പറയുന്ന അയിഷ സുൽത്താന സംവിധാനം ചെയ്ത 'ഫ്ലഷ്,' ഇതര സംസ്ഥാന തൊഴിലാളികളുടെ അതിജീവനം പ്രമേയമാക്കിയ താരാ രാമാനുജന്റെ ‘നിഷിദ്ധോ', നതാലി അൽവാരസ് മെസന്റെ സംവിധാനം ചെയ്ത 'ക്ലാരസോള' , ഇനസ് മരിയ ബാറിയോനുയേവയുടെ 'കമീല കംസ് ഔട്ട് റ്റുനൈറ്റ്' എന്നീ ചിത്രങ്ങൾക്കാണ് കൂടുതൽ പ്രേക്ഷകപ്രീതി ലഭിച്ചത്.

വൈകിട്ട് 'നവ ഇന്ത്യൻ സിനിമയിലെ സ്ത്രീ പ്രതിനിധാനം' എന്ന വിഷയത്തിൽ ബംഗാളി ഡോക്യുമെന്ററി സംവിധായികമാരായ ഫറാ ഖാത്തുൻ, മൗപ്പിയ മുഖർജി, ചലച്ചിത്ര നിരൂപകയും അദ്ധ്യാപികയുമായ ഡോ. സംഗീത ചേനംപുല്ലി, ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ അപർണ ആർ.വി.എം തുടങ്ങിയവർ സംവദിച്ചു.

സ്ത്രീകൾക്ക് വാങ്ങൽ ശേഷി (പർച്ചേസിംഗ് പവർ, സാമ്പത്തിക സ്വാതന്ത്യം) ഉണ്ടായതോടെയാണ് അവർ കൂടുതൽ മേഖലകളിലെത്തിയതെന്ന് സംവാദത്തിൽ ഡോ. സംഗീത ചേനംപുല്ലി പറഞ്ഞു. സ്ത്രീകളുടെ കഥ പറയുന്ന സിനിമകൾ എന്ന രീതിയിൽ ഇറങ്ങുന്ന സിനിമകളിൽപോലും പുരുഷന്മാരുടെ പിന്തുണയോടെ സ്ത്രീകൾ നടത്തുന്ന വിപ്ലവങ്ങളാണ് വിഷയം. ഇത് പഴയ പൊളിറ്റിക്സ് പുതിയ കുപ്പിയിൽ അവതരിപ്പിക്കലാണെന്ന് ഡോ. സംഗീത പറഞ്ഞു. അഡ്വ. പി.എം. ആതിര മോഡറേറ്ററായിരുന്നു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് എന്നിവരും വേദിയിലുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയിലും മേള വലിയ വിജയമായത് ചലച്ചിത്ര അക്കാദമിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.

ഇന്നും പ്രതിഷേധം

കോഴിക്കോട്: വനിതാ ചലച്ചിത്രവേദിയെ ആണധികാരത്തിന്റെ ചൂതാട്ട കേന്ദ്രമാക്കി മാറ്റുന്നതിലും സംവിധായിക കുഞ്ഞില മാസിലാമണിയുടെ ചിത്രം മേളയിൽ ഉൾപ്പെടുത്താത്തതിനും അതിന് പ്രതിഷേധിച്ച സംവിധായികയെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തതിനുമെതിരെ വനിതാ ചലച്ചിത്രമേളയിൽ കൾച്ചറൽ ഫോറം പ്രതിഷേധിച്ചു. ചലച്ചിത്രമേളകളിലേക്കുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നിക്ഷ്പക്ഷവുമായിരിക്കണമെന്നും കൾച്ചറൽ ഫോറം ജില്ലാ കൺവീനർ വേണുഗോപാലൻ കുനിയിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള മേളകളിൽ സിനിമാബാഹ്യമായ വിഷയങ്ങളിലും പ്രതിഷേധങ്ങളുണ്ടാകാറുണ്ട്. സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരങ്ങളുടെയും വിഷയങ്ങളെ ജനാധിപത്യപരമായാണ് സംഘാടകർ കാണാറുള്ളത്. എന്നാൽ ഈ മേള ആണധികാര മാടമ്പി ശൈലിയിലാണ് കുഞ്ഞിലയുടെ പ്രതിഷേധത്തെ കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വി.എ ബാലകൃഷ്ണൻ, കെ.വിഹരിഹരൻ, ആനന്ദ് ശ്യം, അരവിന്ദൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.