പേരാമ്പ്ര : റോഡുകളുടെ വശങ്ങളിൽ മാലിന്യം നിറഞ്ഞതോടെ തെരുവ് നായകൾ പെരുകുന്നു. പന്തിരിക്കര, പള്ളിക്കുന്ന് പ്രദേശങ്ങങ്ങളിൽ റോഡരികിലാണ് മാലിന്യം കുന്നു കൂടികിടക്കുന്നത്. ഇതോടെ ഈ ഭാഗങ്ങളിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നായ്ക്കൾ അലഞ്ഞ് നടക്കുകയാണ്. കൂട്ടത്തോടെ വരുന്ന നായ്ക്കൾ കാൽ നടയാത്രികരെയും മറ്റും ആക്രമിക്കുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം പന്തിരിക്കര ടൗൺ പരിസരത്ത് നിന്ന് മൊയ്തിൻ എന്ന ആളുടെ കാലിൽ തെരുവ്നായ കടിച്ച് പരിക്കേൽപ്പിച്ചു. ഇന്നലെ പുലർച്ചെ വീണ്ടും പന്തിരിക്കര ടൗണിൽ ജോലിക്കായി എത്തിയ യുവാവിനെ പട്ടി കടിച്ചു . അതുവഴി വന്ന സ്ത്രീകളെയും പട്ടികടിക്കാൻ ശ്രമം നടത്തിയെങ്കിലും ഓടി രക്ഷപ്പെട്ടു. പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. മേഖലയിൽ റോഡരികിൽ മാലിന്യം തള്ളിയത് മാസങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതാണ് തെരുവ് നായ്ക്കളുടെ അക്രമം കൂടാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ ജോലിയ്ക്കും സ്കൂളുകളിലും മറ്റും പോകുന്ന കാൽനടയാത്രക്കാരും വിദ്യാർത്ഥികളും ഇതോടെ പ്രയാസത്തിലായി. ആഴ്ചകൾ കഴിഞ്ഞിട്ടും നീക്കം ചെയ്യാത്ത മലിന്യങ്ങൾ പലേടത്തും മഴവെള്ളത്തിൽ കുതിർന്ന നിലയിലാണ്. ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായ്ക്കളുടെ അക്രമം പരാതിക്ക് ഇടയാക്കി. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.