കോഴിക്കോട്: കോൺഗ്രസ് ഓഫീസുകൾക്കു നേരെ സി.പി.എം നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഫറോക്ക് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാറിന് പരിക്കേറ്റ സംഭവത്തിൽ പൊലീസുകാർക്കെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി. കോഴിക്കോട് കൺട്രോൾ റൂം അസി.കമ്മിഷണർ എം.സി.കുഞ്ഞിമോയിൻകുട്ടി, ഫറോക്ക് പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ജി.ബാലചന്ദ്രൻ, എ.ആർ ക്യാംപ് ഹെഡ് കോൺസ്റ്റബിൾ മുസ്തഫ എന്നിവർക്കെതിരെയാണ് പരാതി. സംഭവം നടന്ന് ഒരുമാസമായിട്ടും പൊലീസുകാർക്കെതിരെ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കെ.പ്രവീൺകുമാർ പരാതി നൽകിയത്.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്റെ മൗലിക അവകാശം നിഷേധിക്കുന്ന മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും ജലപീരങ്കി പ്രയോഗത്തിൽ പരുക്കേറ്റതിനാൽ ഇടതുകൈ പഴയതുപോലെ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.