കോഴിക്കോട്: പകർച്ചപ്പനിയും പേരില്ലാരോഗങ്ങളും പരക്കുമ്പോഴും ആശ്വാസമാകേണ്ട മെഡിക്കൽകോളജിനു ചുറ്റും മാലിന്യക്കൂമ്പാരങ്ങൾ. പത്രങ്ങളായ പത്രങ്ങളും ചാനലുകളുമെല്ലാം ഈ ദുരവസ്ഥ എടുത്തുകാട്ടിയിട്ടും അധികൃതർക്കാർക്കും കുലുക്കമില്ല. കനത്തമഴ കൂടിയായതോടെ മാലിന്യങ്ങളിൽ നിന്ന് വെള്ളമൊഴുകി പുറത്തെ റോഡാകെ പരക്കുകയാണ്.
മെഡിക്കൽകോളജ് കാഷ്വാലിറ്റിയിലേക്കും മോർച്ചറിയിലേക്കുമെല്ലാം എളുപ്പം കടന്നുപോകുന്ന ഡെന്റൽ കോളജിനുമുമ്പിലായ റോഡിലാണ് വർഷങ്ങളായുള്ള ഈ ഗതികേട്. രാവിലെ പത്തുമുതൽ സൗജന്യ ഭക്ഷണത്തിനായി ആയിരങ്ങൾ മഴയത്തും വെയിലിലും ഒരുപോലെ മണിക്കൂറുകളോളം വരി നിൽക്കുന്നതും ഇവിടെ. മൂക്കു പൊത്തിയും മാലിന്യത്തിൽ നിന്നും പരന്നൊഴുകുന്ന മലിന ജലത്തിലും ചവിട്ടിയാണ് നിൽപ്പ്. തൊട്ടടുത്ത ഡെന്റൽകോളജ് കാമ്പസിലേക്കും മലിനജലം ഒഴുകിയെത്തുന്നു. മാത്രമല്ല അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച തൊട്ടുസമീപത്തെ മെഡിക്കൽകോളജ് കാമ്പസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളും ഈ മാലിന്യത്തിന്റെ ഇരകളാണ്. മാലിന്യം കുന്നുകൂടിയതോടെ നായകളുടെ ശല്യവും ഇവിടെ കൂടിയിട്ടുണ്ട്. കൊതുക് ശല്യമാണെങ്കിൽ അതിരൂക്ഷം. ശരിയായ രീതിയിൽ മാലിന്യ നിർമാർജന സൗകര്യമില്ലാത്തതിനാൽ മെഡിക്കൽകോളജിന്റെ പലഭാഗത്തും ഇതേ അവസ്ഥയാണ്.