kayakking
kayakking

കോഴിക്കോട് : അന്തർദേശീയ കയാക്കിംഗ് മത്സരവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി. മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന കയാക്കിംഗ് മത്സരവുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങളും കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും യോഗം വിലയിരുത്തി.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷനുമായി ചേർന്നാണ് കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 12,13,14 തീയതികളിലായി മലബാർ റിവർ ഫെസ്റ്റിവൽ എന്ന പേരിൽ തുഷാരഗിരിയിലാണ് മത്സരം. കയാക്കിംഗിൽ പുലിക്കയം സ്റ്റാർട്ടിംഗ് പോയിന്റും ഇലന്തുകടവ് എൻഡിംഗ് പോയിന്റുമാവും. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകൾ സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സരവിഭാഗങ്ങളുണ്ടാകും. വിദേശരാജ്യങ്ങളിൽ നിന്നായി നൂറിൽപരം അന്തർദേശീയ കയാക്കർമാരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഇരുന്നൂറിൽപ്പരം ദേശീയ കയാക്കർമാരും മത്സരത്തിൽ പങ്കെടുപ്പിക്കും. റിവർ ഫെസ്റ്റിവലിന്റെ പ്രചാരണത്തിനായി സൈക്ലിംഗ്, ട്രക്കിംഗ്, ചൂണ്ടയിടൽ എന്നീ പരിപാടികൾ നടത്തും. ആഗസ്റ്റ് ഏഴിന് മാനാഞ്ചിറ മുതൽ തുഷാരഗിരി വരെ സൈക്ലിംഗ് സംഘടിപ്പിക്കുന്നുണ്ട്.

പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്‌സ് തോമസ്, മേഴ്‌സി ജോസഫ്, ടൂറിസം ജോയിന്റ് ഡയറക്ടർ അഭിലാഷ്, ഡെ. ഡയറക്ടർ മനോജ്, അഡ്വഞ്ചർ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡി.ടി.പി.സി സെക്രട്ടറി നിഖിൽദാസ്, വിവിധ സബ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, മെഡിക്കൽ, ഫയർ ആന്റ് സേഫ്റ്റി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.