22233
നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ-സതീഷ് ബാബു എന്നിവർ പരിശോധന നടത്തുന്നു. Attachments area

നാദാപുരം: നാദാപുരം ടൗണിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കി വിട്ടതിനെ തുടർന്ന് കെട്ടിട ഉടമകൾക്കെതിരെ നാദാപുരം ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കെട്ടിടത്തിലെ ഡ്രൈയിനേജ് സംവിധാനം തടസപ്പെട്ടതിനെ തുടർന്ന് മലിനജലം പുറത്തേക്ക് ഒഴുകിയത്. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി ലഭിക്കുകയും, തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥല പരിശോധന നടത്തുകയും കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു . താമസത്തിന് അനുമതിയില്ലാത്ത വാണിജ്യ കെട്ടിടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളത്. 48 മണിക്കൂറിനകം മാലിന്യ പ്രശ്നം പരിഹരിക്കാനും ഏഴു ദിവസത്തിനകം താമസക്കാരെ ഒഴിപ്പിക്കാനും നോട്ടീസ് നൽകി. മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് സമീപത്തെ കാറ്ററിംഗ് സ്ഥാപനത്തിന് നോട്ടീസ് നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പഞ്ചായത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മുഴുവൻ കെട്ടിടങ്ങളിലും രണ്ട് ആഴ്ച്ചക്കകം പരിശോധന നടത്തുമെന്നും, മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും, മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാതെയും, ശുചിത്വ നിലവാരമില്ലാതെയും പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു .