@ ഹെെടെക് മാതൃകാ പ്രീ-പ്രൈമറി ജില്ലാതല ഉദ്ഘാടനം 23ന് പേരാമ്പ്രയിൽ
കോഴിക്കോട് : കണ്ടും കേട്ടും അനുഭവിച്ചും കുരുന്നുമനസുകൾക്ക് ഇനി വളരാം. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃകാ പ്രീ-പ്രൈമറികളാണ് ജില്ലയിൽ സജ്ജമാകുന്നത്. മൂന്ന് സ്‌കൂളുകൾക്ക് 15 ലക്ഷം വീതവും 14 സ്‌കൂളുകൾക്ക് 10 ലക്ഷം വീതവും 12 സ്‌കൂളുകൾക്ക് 95000 രൂപ വീതവുമാണ് സമഗ്ര ശിക്ഷ അനുവദിച്ചിരിക്കുന്നത്. പ്രീ-പ്രൈമറി ക്ലാസ്സുകളിൽ താരതമ്യേന സൗകര്യങ്ങൾ കുറവായതിനാൽ മുഴുവൻ സ്‌കൂളുകളോട് ചേർന്നും പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിക്കുകയും മുഴുവൻ പ്രീ-പ്രൈമറി ക്ലാസുകളെയും അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വർണക്കൂടാരം എന്ന പദ്ധതിയിൽ കളിസ്ഥലം, ശിശുസൗഹൃദ ഇരിപ്പിടങ്ങൾ, വർണാഭമായ ക്ലാസ്മുറി, നിർമ്മാണമൂല, വായനമൂല, ഗണിതമൂല, നിരീക്ഷണമൂല, പാവമൂല, വരയിടം, അരങ്ങ്, ഭാഷായിടം, ഹരിതോദ്യാനം, കളിയിടം തുടങ്ങി 15 കോർണറുകളാണ് സ്‌കൂളിൽ ഒരുക്കുന്നത്.കണ്ടുംകേട്ടും അനുഭവിച്ചും കുട്ടികൾ പ്രാഥമിക ഘട്ടത്തിൽനേടേണ്ടശേഷികൾ ഇതിലൂടെ കൈവരിക്കുക എന്നതാണ് എസ്.എസ്.കെയുടെ ലക്ഷ്യമെന്ന് ജില്ലാപ്രോജക്ട്‌കോ-ഓർഡിനേറ്റർഡോ. എ.കെ. അബ്ദുൾഹക്കീം പറഞ്ഞു.
മാതൃകാ പ്രീ-പ്രൈമറി സ്‌കൂളിന്റെ ജില്ലതാല ഉദ്ഘാടനം 23ന്, 11 മണിക്ക്‌കേരള പൊതു-വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ജി.എൽ.പി.സ്‌കൂൾ ചെറിയകുമ്പളത്ത് നിർവഹിക്കും. പേരാമ്പ്ര എം.എൽ.എ ടി.പി. രാമകൃഷ്ണൻ അദ്ധ്യക്ഷനാകും. വളരെ മികച്ച രീതിയിൽ പ്രവർത്തനം പൂർത്തീകരിച്ച സ്‌കൂളിന്റെ ഉദ്ഘാടനം ജനകീയ ഉത്സവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകരും നാട്ടുകാരും.