കോഴിക്കോട്: ബസ് സമയത്തെചൊല്ലി രണ്ട് സ്വകാര്യ ബസിലെ ജീവനക്കാരർ പരസ്യമായി ഏറ്റ് മുട്ടിയ സംഭവത്തിൽ ആറ് ജീവനക്കാരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. സമീർ, സതീശ്, ഹരീഷ്, അഖിൽ, അനസ്, ഹാസ്മി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബസുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാവിലെ ഏഴരയോടെയാണ് ടൗൺ ബസ് സ്റ്റാൻഡിൽ വച്ച് ഒരേ റൂട്ടിൽ ഓടുന്ന ബസ് ജീവനക്കാർ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്. തൊട്ട് മുന്നിലെ ബസ് സ്റ്റോപ്പിൽ കൂടുതൽ സമയം നിറുത്തിയതിനെചൊല്ലിയുള്ള വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. വലിയ സംഘർഷത്തിലേക്ക് നീങ്ങിയതോടെ ബസിലെ യാത്രക്കാർ ഇറങ്ങി ജീവനക്കാരെ പിടിച്ച് മാറ്റുകയായിരുന്നു.ഉച്ചയ്ക്ക് ശേഷമാണ് പൊലീസ് കേസ് എടുത്തത്.