കുറ്റ്യാടി: ഗവ. ഹോസ്പിറ്റലിന് മുൻവശത്തെ കുറ്റ്യാടി പഞ്ചായത്ത് ബേങ്ക് ചിറക്കൽ മുക്ക് റോഡിലെ മഴക്കാലത്ത് ആരംഭിക്കുന്ന ഉറവ ജലം കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പരിസരത്തെ കൊയ്യംപാറ കുന്നിൽ നിന്നും ഒഴുകി എത്തുന്ന വെള്ളത്തിന് പുറമെ റോഡ് കടന്ന് പോകുന്ന താഴ്ന്ന പ്രദേശത്ത് നിന്നും റോഡിലെ ഇരുവശങ്ങളിൽ നിന്നുമാണ് ഉറവ ജലം ഒഴുകി എത്തുന്നത്. താഴ്ന്ന പ്രദേശമായതിനാലാണ് ഇവിടെ ഉറവ ഉണ്ടാക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് എം.പി ഫണ്ടിൽ നിന്ന് 6 ലക്ഷവും,എം.എൽ.എ ഫണ്ടിൽ നിന്ന് നാലര ലക്ഷം രൂപയും ചെലവഴിച്ച് നാട്ടുകാരുടെ സഹായത്തോടെ റോഡ് നിർമ്മിച്ചത്. കുറ്റ്യാടി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമെന്നോണം, വാഹനങ്ങൾക്ക് തൊട്ടിൽ പാലം റോഡിലേക്ക് കടന്ന് പോകാൻ സൗകര്യമുള്ള ഒരു വഴിയാണിത്.