news
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിനെതിരെ ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന സപ്തദിന സത്യാഗ്രഹത്തിന്റെ നാലാം ദിനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന സപ്തദിന സത്യാഗ്രഹസമരത്തിന്റെ നാലാം ദിവസം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു.

കോർപ്പറേഷനിലെ അഴിമതിക്ക് പിന്നിൽ എൽ.ഡി.എഫ്‌ -യു.ഡി.എഫ് കൂട്ടുകെട്ടാണെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോടിന്റെ പ്രൗഢിയും പ്രതാപവും കേരളം ഭരിച്ച രണ്ട് പാർട്ടികൾ തകർത്തു കഴിഞ്ഞു. അഴിമതിയുടെ കഥമാത്രമാണ് ഇന്ന് നഗരത്തിന് പറയാനുള്ളത്. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് ബി.ജെ.പി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലർ രമ്യ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ നടന്ന സമരം.
കർഷക മോർച്ച ജില്ലാ പ്രസിഡന്റ് പി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ. പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.വിജയലക്ഷ്മി, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി , മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ.രമ്യ മുരളി, വാസുദേവൻ നമ്പൂതിരി, സദാനന്ദൻ ആയാടത്തിൽ, സെൽ കോ ഓർഡിനേറ്റർ ടി.ചക്രായുധൻ, കെ. ഹരിഹരൻ, രവി രാജ്, മോഹനൻ ഇല്ലത്ത്, കെ.ഗിരീഷ്, ബബീഷ് ഒളവണ്ണ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ നവ്യ ഹരിദാസ്, സി.എസ്.സത്യഭാമ, എൻ.ശിവപ്രസാദ്, ടി.രനീഷ്, സരിത പറയേരി, അനുരാധ തായാട്ട് എന്നിവർ നേതൃത്വം നൽകി.