അത്തോളി : അത്തോളി ഹൈസ്കൂൾ ജംഗ്ഷനിലെത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടുണ്ടാകാറില്ല.കാരണം സഹായത്തിന് മൊയ്തീൻ കോയയുണ്ട്. ഹൈസ്ക്കൂളിന് മുൻപിലൂടെ ചീറി പായുന്ന ബസുകൾക്കും മറ്റ് വാഹനങ്ങൾക്കുമിടയിൽ റോഡ് മുറിച്ച് കടക്കാൻ പ്രയാസം നേരിടുന്നവർക്ക് രക്ഷകനാണ് മൊയ്തീൻ കോയ. രാവിലെയും വൈകീട്ടും സ്ക്കൂളിൽ നിന്നും വിദ്യാർത്ഥികൾ എത്തുമ്പോഴും മടങ്ങുന്ന സമയത്തുമാണ് മൊയ്തീൻ കോയയുടെ സേവനം. കഴിഞ്ഞ ഒരു വർഷമായി പതിവ് മുടക്കാറില്ല. തന്റെ പേരകുട്ടികൾ റോഡ് മുറിച്ച് കടക്കാൻ പ്രയാസം നേരിട്ടപ്പോൾ മറ്റ് കുട്ടികളും ഇതു പോലെ പ്രയാസം അനുഭവിക്കുന്നുണ്ടാകും എന്ന ചിന്തയിൽ നിന്നാണ് ട്രാഫിക് സ്വയം നിയന്ത്രിക്കാൻ മൊയ്തീൻ കോയ മുന്നിട്ടിറങ്ങിയത്. വിദ്യാർത്ഥികളെ മാത്രമല്ല പ്രായമായവർക്കും ആശ്വാസമാണ് മൊയ്തീൻ കോയയുടെ സേവനം. ശ്വാസ തടസം നേരിടുന്ന അസുഖം സേവനത്തെ തടസ്സപ്പെടുത്താറുണ്ടെങ്കിലും കർമ്മത്തിൽ മുഴുകിയാൽ അസുഖം മറന്ന് സേവകനാകുകയാണെന്ന് അദ്ദേഹം പറയുന്നു. 15 വർഷം മുൻപ് വരെ മണൽ- മെറ്റൽ ലോറി കടത്തായിരുന്നു ജോലി. ഇപ്പോൾ കൂലിപണിയെടുത്ത് ഉപജീവനം നടത്തുന്ന മൊയ്തീൻകോയ തലക്കുളത്തൂർ- അത്തോളി പഞ്ചായത്ത് അതിർത്തിയിൽ അത്താണി നെല്ലിയാംമ്പതി വീട്ടിലാണ് താമസം. അസുഖ ബാധിതരായ രണ്ട് പെൺ മക്കളുണ്ട്.