@ 28ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.
കോഴിക്കോട്: പുതിയാപ്പ ഹാർബറിലെ മത്സ്യത്തൊഴിലാളികളുടെ ഫിംഗർ ജെട്ടിയെന്ന സ്വപ്നം പൂവണിയുന്നു. 15.5 കോടി ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ പണി പൂർത്തിയായ രണ്ട് ഫിംഗർ ജെട്ടികളും അനുബന്ധ സൗകര്യങ്ങളും 28ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതിരുന്ന പഴയ ജെട്ടിയുടെ സ്ഥാനത്ത് കടൽപ്പാലം മാതൃകയിൽ രണ്ട് ഫിംഗർ ജെട്ടികൾ, രണ്ടുകോടി ചെലവിൽ 1580 മീറ്റർ നീളത്തിൽ ചുറ്റുമതിൽ, അനുബന്ധ റോഡുകൾ, 27 ലോക്കർ മുറികൾ തുടങ്ങിയവയാണ് നിർമ്മിച്ചിരിക്കുന്നത്. 2018ലാണ് കേന്ദ്ര, സംസ്ഥാന സർക്കാർ വിഹിതവും നബാർഡ് ഫണ്ടും ജെട്ടിക്കായി അനുവദിച്ചത്. ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ പണി പൂർത്തിയാവാൻ നാലുവർഷത്തിലധികമെടുത്തു. ഹാർബർ എൻജിനിയറിംഗ് വകുപ്പിനായിരുന്നു നിർമാണ ചുമതല.
ചെറുതും വലുതുമായി 500ഓളം ബോട്ടുകളാണ് പുതിയാപ്പയിലുള്ളത്. ഹാർബറിൽ എല്ലാ ബോട്ടുകൾക്കും നിർത്താൻ സൗകര്യമില്ലാത്തതിനാൽ ബോട്ടുകൾ നശിക്കുന്നത് പതിവായിരുന്നു. ജെട്ടിയുടെ നിർമാണം വൈകുന്നതിൽ മത്സ്യത്തൊഴിലാളികളിൽ പ്രതിഷേധം ഉയർന്നിരുന്നു.
'ഫിംഗർ ജെട്ടി പൂർത്തിയായത് മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ്. ഹാർബറിലേയ്ക്ക് ആദ്യമെത്തുന്ന ബോട്ടുകൾക്ക് മാത്രമായിരുന്നു മത്സ്യം സുഖമായി ഇറക്കാൻ സാധിച്ചിരുന്നത്. അവിടെതന്നെ ബോട്ടിടുന്നത് പുറകെ എത്തുന്നവർക്ക് പ്രശ്നമായിരുന്നു. ഇപ്പോൾ മത്സ്യം ഇറക്കിയശേഷം ബോട്ട് മാറ്റിയിടാൻ സൗകര്യമായി'.
സത്യൻ പുതിയാപ്പ,
ജില്ലാ ജനറൽ സെക്രട്ടറി,
ഓൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ്