നാദാപുരം : മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റിനു കീഴിൽ കല്ലാച്ചി പാലോഞ്ചാല കുന്നിൽ പ്രവർത്തിക്കുന്ന എം. ഇ. ടി. കോളേജ് സൗന്ദര്യ വനവത്കരണ പദ്ധതി നാളെ വനം മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന കോളേജിന് സ്വന്തമായി ഉള്ള 13 ഏക്കറോളം വരുന്ന ഭൂമിയിലാണ് മരങ്ങൾ വച്ചു പിടിപ്പിച്ച് പരിസ്ഥിതി സൗഹൃദ ക്യാമ്പസാക്കി മാറ്റുന്നത്. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് ഏർപ്പെടുത്തുന്ന പദ്ധതിക്കും ഈ അധ്യയന വർഷം തുടക്കമാവും. എജു മെറ്റ് എന്ന പേരിൽ നടപ്പിലാക്കുന്ന സ്കോളർഷിപ് പദ്ധതിയുടെ ഉദ്ഘാടനം ചടങ്ങിൽ ഇ. കെ. വിജയൻ എം. എൽ. എ. നിർവഹിക്കും. നാദാപുരം ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി എം. ഇ. ടി. ക്യാമ്പസും ക്ലീൻ ക്യാമ്പസ് ആക്കി മാറ്റുന്നതിനുള്ള പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. വി. മുഹമ്മദലിയും നിർവഹിക്കും. വാർത്താസമ്മേളനത്തിൽ എം. ഇ. ടി. ചെയർമാൻ എ. പി. അബൂബക്കർ ഹാജി വൈസ് ചെയർമാൻമാരായ സി. പി. സലാം, ഇ. എം. കുഞ്ഞമ്മദ്, സ്കൂൾ കമ്മിറ്റി ചെയർമാൻ കരയത്ത് ഹമീദ് ഹാജി എന്നിവർ പങ്കെടുത്തു.