കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണുമരിച്ച സംഭവത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. വടകര പൊലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയ ഉടൻ കല്ലേരി സ്വദേശി താഴെ കൊയലോത്ത് സജീവൻ കുഴഞ്ഞു വീണുമരിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ചിൽനിന്നും സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി. എസ്.പി. മൊയ്തീൻകുട്ടിക്കാണ് അന്വേഷണചുമതല. ക്രൈംബ്രാഞ്ച് എഡി.ജി.പിയുടെതാണ് ഉത്തരവ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ഹരിദാസിനായിരുന്നു ഇതുവരെ അന്വേഷണ ചുമതല. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി. ശനിയാഴ്ച വൈകീട്ടോടെ എസ്.പി മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം വടകര പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തി.
ഡിവൈ.എസ്.പി ആർ.ഹരിദാസുമായി കൂടിക്കാഴ്ച നടത്തിയശേഷം സജീവൻ കുഴഞ്ഞുവീണ സ്ഥലം സന്ദർശിച്ചു. സജീവന്റെ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾ ഉണ്ടാകൂ. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പെട്ടെന്നു തന്നെ റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി ആർ. ഹരിദാസ് കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവിക്ക് കത്തു നൽകിയിരുന്നു. ഫൊറൻസിക് സർജനിൽനിന്ന് അന്വേഷണസംഘം പോസ്റ്റുമോർട്ടം സംബന്ധിച്ച പ്രാഥമികവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.