മുക്കം: ഗതാഗത പരിഷ്കാരം പാളിയതോടെ മുക്കത്ത് ഗതാഗതക്കുരുക്കേറുന്നു. നിയമങ്ങൾ തെറ്രിച്ച് ചീറിപ്പായുകയും തോന്നുംപടി തലങ്ങും വിലങ്ങും വാഹനങ്ങൾ നിറുത്തിയിടുന്നതുമാണ് ഇപ്പോഴത്തെ കുരുക്കിനു പ്രധാന കാരണം. മുക്കം ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ 2016 ആഗസ്റ്റ് ഒന്നിനാണ് ചില റോഡുകൾ വൺവേ ആക്കി മാറ്റി അന്നത്തെ തദ്ദേശ ഭരണകൂടം ഗതാഗത പരിഷ്കാരം നടപ്പിലാക്കിയത്. ഒരു മാസം ട്രയൽ റൺ നടത്തി വിജയമെന്നു കണ്ടതിനു ശേഷമാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ പരിഷ്കാരം തുടങ്ങിയിടത്തു നിന്ന് ഒട്ടും മുന്നോട്ടു നീങ്ങാതെ നിൽക്കുന്ന അവസ്ഥയാണ് നിലവിൽ.

ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്കുള്ള ബൈപ്പാസ്, ടൗണിൽ നിന്ന് മുക്കം കടവ് പാലത്തിലേക്കുള്ള ഓർഫനേജ് റോഡ്, എപ്പോഴും തിരക്കനുഭവപ്പെടുന്ന മാർക്കറ്റ് റോഡ്, താരതമ്യേന വീതി കുറഞ്ഞ പി.സി റോഡ്, പ്രധാന റോഡിൽ അഭിലാഷ് ജംഗ്ഷൻ മുതൽ എസ്.കെ.സ്മാരക പാർക്ക് വരെയുള്ള ഭാഗം തുടങ്ങിയവയാണ് അന്ന് വൺവേ ആക്കി മാറ്റിയത്. എന്നാലിന്ന് ഈ റോഡുകളിലെല്ലാം ഇരുഭാഗത്തേക്കും യാതൊരു നിയന്ത്രണവും കൂടാതെ വാഹനങ്ങൾ ചീറിപ്പായുകയാണ്. മാത്രമല്ല ഇവിടങ്ങളിലെല്ലാം തലങ്ങും വിലങ്ങും നിരവധി വാഹനങ്ങൾ പാർക്കു ചെയ്യുന്നുമുണ്ട്. പാർക്കിംഗ് പാടില്ലാത്ത സീബ്രാലൈനിനു മുകളിലും ബസ് സ്റ്റോപ്പുകളിലും നടപ്പാതയിലും ഡ്രെയിനേജിനു മുകളിലുമെല്ലാം വാഹനം പാർക്കു ചെയ്യുന്നത്

മൂലം കാൽനടയാത്രക്കാരും റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങളും ബുദ്ധിമുട്ടുകയാണ്. തോന്നുംപടിയുള്ള പാർക്കിംഗ് പലപ്പോഴും മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്. ഇതോടൊപ്പം

ഓട്ടോറിക്ഷകളും ഗുഡ്സ് കാരിയർ വാഹനങ്ങളും പല സ്ഥലത്തും പാർക്കു ചെയ്യുന്നതും ഉന്തുവണ്ടിക്കാർ റോഡിന്റെ പ്രധാന ഭാഗം കയ്യടക്കുന്നതും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നുണ്ട്.

നിയമലംഘനം തടയാൻ പൊലിസിന്റെയോ ഹോം ഗാർഡ്സിന്റെയോ സേവനം ലഭിക്കാത്തതും പരിഷ്ക്കരണം പാളാൻ കാരണമായി. ബസുകളുടെ റൂട്ട് മാറ്റം മാത്രമാണ് ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി നടപ്പായത്. തിരക്കേറിയ പി.സി. ജംഗ്ഷനിൽ വാഹന ഗതാഗതം സുഗമമാക്കാൻ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സിഗ്നൽ സംവിധാനവും പരാജയമായി. ഇത് പലപ്പോളും പ്രവർത്തിക്കുന്നില്ല.