onam
onam

@ വിപുലമായ പരിപാടികൾക്കായി സംഘാടകസമിതി രൂപീകരിച്ചു

കോഴിക്കോട്: തിരുവനന്തപുരത്തിന് സമാനമായി കോഴിക്കോട് നഗരത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. വ്യത്യസ്തവും പുതുമയാർന്നതുമായ ഓണാഘോഷമാണ് ഇത്തവണ കോഴിക്കോട് നടത്തുകയെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംഘാടകസമിതി രൂപീകരണ യോഗത്തിൽ പറഞ്ഞു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വ്യത്യസ്തമായ കലാപരിപാടികളും താത്കാലിക ഭക്ഷ്യത്തെരുവും സാദ്ധ്യമെങ്കിൽ രാത്രികാല ഷോപ്പിംഗ് ഉൾപ്പെടെയുള്ളവയും ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പരിപാടിയുടെ ഭാഗമായി ചാലിയാറിൽ ബോട്ട് റേസും നടത്തുന്നുണ്ട്. നഗരം മുഴുവൻ ദീപങ്ങൾ കൊണ്ട് അലങ്കരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും.

2019 ലാണ് കോഴിക്കോട് ഇതിനുമുമ്പ് ഓണാഘോഷം നടത്തിയത്. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം നടത്തുന്ന ഓണാഘോഷ പരിപാടിയുടെ സംഘാടനത്തിനായി വിപുലമായ സംഘാടകസമിതിക്ക് രൂപം നൽകി.

എം.ടി. വാസുദേവൻ നായർ, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് മുഖ്യരക്ഷാധികാരികൾ. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി, ടൂറിസം ഡയറക്ടർ എന്നിവർ രക്ഷാധികാരികളാവും. ജില്ലാ കലക്ടർ സംഘാടക സമിതി ചെയർമാനാകും.

വൈസ് ചെയർമാൻമാരായി ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, പി.മോഹനൻ, എ.പ്രദീപ് കുമാർ, അഡ്വ.കെ.പ്രവീൺകുമാർ, ടി.വി.ബാലൻ, ഉമ്മർ പാണ്ടികശാല, വി.കെ.സജീവൻ, മുക്കം മുഹമ്മദ്, ഗോപാലൻ , കെ. ലോഹ്യ, ടി.എൻ.ജോസഫ്, സി.എച്ച്.ഹമീദ്, സി.എൻ. വിജയകൃഷ്ണൻ, കെ.പി. രാജൻ, മനയത്ത് ചന്ദ്രൻ, കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, ടി.പി. ദാസൻ, കെ.പി. അനിൽകുമാർ, വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ എന്നിവരെ തിരഞ്ഞെടുത്തു.

ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ജി. അഭിലാഷ് കുമാറാണ് ജനറൽ കൺവീനർ. ഡി.ടി.പി.സി സെക്രട്ടറി ടി.നിഖിൽ ദാസ് കോ ഓർഡിനേറ്റർ ആകും. കൺവീനർമാരായി സബ് കലക്ടർ വി. ചെൽസാ സിനി, എ.ഡി.എം. സി.മുഹമ്മദ് റഫീഖ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, കെ.കെ. മുഹമ്മദ്, കെ.ആർ. പ്രമോദ്, പി. നിഖിൽ എന്നിവരെയും ട്രഷററായി ഫിനാൻസ് ഓഫീസർ കെ.പി.മനോജൻ തുടങ്ങിയവരെയും തിരഞ്ഞെടുത്തു. പരിപാടിയുടെ സംഘാടനത്തിനായി വിപുലമായ സബ് കമ്മിറ്റികളും രൂപീകരിക്കും