mahila
ദ്രൗപദി മുർമു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ഇന്നലെ കിഡ്‌സൺ കോർണറിൽ ബി.ജെ.പി, മഹിളാമോർച്ച പ്രവർത്തകർ ഗോത്ര വിഭാഗത്തിലെ കലാകാരൻമാർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു.

കോഴിക്കോട്: തുടികൊട്ടിപ്പാടിയും നാടൻപാട്ടിന്റെ ഈരടികൾക്ക് നൃത്തം ചവിട്ടിയും മധുരം വിതരണം ചെയ്തും രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി ബി.ജെ.പി മഹിളാമോർച്ചാ പ്രവർത്തകർ. കിഡ്‌സൻ കോർണറിൽ നടന്ന ആഹ്‌ളാദ പ്രകടനത്തിൽ .കൗൺസിലർമാരും പങ്കുചേർന്നതോടെ ഉത്സവാന്തരീക്ഷമായി.

ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ഒ.ബി.സി. മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റ് അഡ്വ.കെ.വി.സുധീർ, മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയിൽ ശശിധരൻ, എസ്.ടി.മോർച്ച ജില്ലാ പ്രസിഡന്റ് എം.സി.അനീഷ് കുമാർ, വി.കെ.ജയൻ, നവ്യ ഹരിദാസ്, രമ്യാമുരളി എന്നിവർ നേതൃത്വം നൽകി.

ഒരു ഗോത്രവർഗ വനിത രാഷ്ട്രപതി സ്ഥാനാർത്ഥിയായി വന്നിട്ടും പ്രതിപക്ഷം മാന്യത കാണിച്ചില്ലെന്ന് പരിപാടിക്ക് നേതൃത്വം നൽകിയ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവൻ പറഞ്ഞു. മുമ്പ് കെ.ആർ.നാരായണൻ ആദ്യ പട്ടികജാതി രാഷ്ട്രപതി സ്ഥാനാർത്ഥിയായി വന്നപ്പോൾ ബി.ജെ.പി രാഷ്ട്രീയം നോക്കാതെ മാതൃകാപരമായി പിന്തുണച്ച കാര്യം അദ്ദേഹം ഓർമിപ്പിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച സമരത്തിന് നേതൃത്വം നൽകിയ സാന്താൾ വിഭാഗത്തിന്റെ പ്രതിനിധി രാഷ്ട്രപതിയായത് സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ ഇരട്ടിമധുരം പകരുകയാണെന്നും അദ്ദേഹം പറഞ്ഞു.