jayan
ടൗൺഹാളിൽ നടന്ന ജയൻ സ്മൃതി ഉദ്ഘാടനം ചെയ്ത സംവിധായകൻ ഹരിഹരൻ ആർട്ടിസ്റ്റ് മദനൻ വരച്ച തന്റെ ശരപഞ്ജരം ചിത്രത്തിലെ ജയന്റെ ചിത്രം കാണുന്നു. കെ.പി.സുധീര, പി.വി ഗംഗാധരൻ, മാമുക്കോയ തുടങ്ങിയവർ സമീപം

കോഴിക്കോട്: താരത്തെ സൃഷ്ടിക്കുന്നത് കാലവും ജനതയും ആണെന്നും വ്യക്തിയോ സംവിധായകനോ അല്ലെന്നും സംവിധായകൻ ഹരിഹരൻ പറഞ്ഞു. ജയൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടൗൺഹാളിൽ നടന്ന ജയൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയന്റെ ചെറിയ അഭിനയശേഷി മാത്രമേ സിനിമാലോകത്തിന് ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടുള്ളൂ. ജയനെ മലയാളി വലിയതോതിൽ ഇഷ്ടപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് മരിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയെന്ന് ഹരിഹരൻ പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ പി.വി. ഗംഗാധരൻ അദ്ധ്യക്ഷനായി. ശരപഞ്ജരത്തിന്റെ തിരക്കഥ കൈതപ്രം ദാമോദരൻ നമ്പൂതിരി ഡോ. കെ.പി. സുധീരയ്ക്ക് നൽകി പ്രകാശിപ്പിച്ചു. ആർട്ടിസ്റ്റ് മദനൻ വരകളിലൂടെ ജയൻ സ്മൃതി ചിത്രമൊരുക്കി. ഗോകുലം ഗോപാലൻ, ടി.വി. ബാലൻ, പുരുഷൻ കടലുണ്ടി, യു. ഹേമന്ദ് കുമാർ, ബൈജുനാഥ് കക്കാടത്ത്, എസ്.ആർ.ലാൽ എന്നിവർ പ്രസംഗിച്ചു.

മാമുക്കോയ, മുഹമ്മദ് പേരാമ്പ്ര, സുന്ദരൻ കല്ലായി, ചന്ദ്രശേഖരൻ തിക്കോടി, വിജയൻ.വി.നായർ, മാവൂർ വിജയൻ, അപ്പുണ്ണി ശശി, സതീഷ് കെ.സതീഷ്, ജയശ്രീ പന്തീരങ്കാവ്, റങ്കൂൺ റഹ്‌മാൻ, എ. രത്‌നാകരൻ, കെ.പി.എ.സി. വിൽസൺ, വി. പ്രിയദർശൻ എന്നിവരെ ആദരിച്ചു. ജയന്റെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി ഗാനമേളയും നടന്നു. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ ജയന്റെ ശരപഞ്ജരം, അങ്ങാടി എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. സിനിമാ പ്രദർശനം ഡോ.എം കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാനുപ്രകാശ് സ്വാഗതവും ഷാനവാസ് കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.