കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ 20ാം വാർഷികാഘോഷവും ബാങ്ക് ചാലപ്പുറത്ത് ആരംഭിച്ച ഡയാലിസിസ് സെന്ററിന്റെ പത്താം വാർഷികാഘോഷവും നാളെ ചാലപ്പുറത്തെ ബാങ്ക് ഹെഡ് ഓഫീസ് ബിൽഡിംഗിൽ നടക്കും. രാവിലെ പത്ത് മണിക്ക് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖ സഹകാരികളെ ആദരിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഡയാലിസിസ് സെന്റർ വാർഷികം ഉദ്ഘാടനം ചെയ്യും. 12 മണിക്ക് 'സഹകരണ പ്രസ്ഥാനം നല്ലൊരു നാളേക്ക്' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി. പി ജോൺ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന കലാപരിപാടികൾ നടൻ നിർമൽ പാലാഴി ഉദ്ഘാടനം ചെയ്യും. 2002 ജൂലായ് 24ന് 7 ലക്ഷം രൂപ പ്രവർത്തന മൂലധനവുമായി ആരംഭിച്ച ബാങ്ക് ഇപ്പോൾ 1580 കോടി പ്രവർത്തന മൂലധനവുമായി കേരളത്തിലെ എറ്റവും വലിയ പ്രാഥമിക സർവീസ് സഹകരണ ബാങ്കായി മാറിയിരിക്കുകയാണ്. വാർത്താസമ്മേളനത്തിൽ ചെയർമാൻ ജി. നാരായണൻ കുട്ടി, ബാങ്ക് ഡയറക്ടർമാരായ പി. ദാമോദരൻ, സി.ഇ ചാക്കുണ്ണി, അഡ്വ. കെ.പി രാമചന്ദ്രൻ, ജനറൽ മാനേജർ സാജു ജെയിംസ് എന്നിവർ പങ്കെടുത്തു.