കോഴിക്കോട്: വെസ്റ്റ് മാങ്കാവിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയ കേസിൽ ഹോട്ടൽ വ്യവസായി അറസ്റ്റിൽ. ബംഗളൂരുവിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന കോഴിക്കോട് കല്ലായ് സ്വദേശി പുനത്തിൽ വീട്ടിൽ ദീപക്കിനെയാണ് (32) എക്‌സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എൻ.ബൈജുവും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്. മാർച്ച് 16നാണ് കോഴിക്കോട് വെസ്റ്റ് മാങ്കാവ് സ്വദേശിയായ എൻജിനിയറിംഗ് ബിരുദധാരി ഫാത്തിമാസ് ഹൗസിൽ ഫസലുവിൽ നിന്ന് കോഴിക്കോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും 1.435 കിലോഗ്രാം ഹാഷിഷ്, 2.74 ഗ്രാം എം.ഡി.എം.എ , 3.15 ഗ്രാം കൊക്കെയിൻ, 1.52 ഗ്രാം എൽ.എസ്.ഡി എന്നിവ പിടികൂടിയത്. എക്‌സൈസ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഫസലുവിന് എം.ഡി.എം.എ എത്തിച്ചു നൽകിയത് ദീപകാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രിവന്റീവ് ഓഫീസർമാരായ സുഗന്ധ കുമാർ, സുധീർ, സജീവ്, സിവിൽ എക്‌സൈസ് ഓഫീസർ ജിബിൽ, രാജേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.