@ പ്രവൃത്തി താത്കാലികമായി നിറുത്തി വെക്കാൻ തീരുമാനം
വടകര: ദേശീയപാത വികസത്തിൽ ടോൾബൂത്ത് വരുന്ന അഴിയൂരിലെ മുക്കാളി കുഞ്ഞിപളളി ഭാഗങ്ങളിൽ സഞ്ചാരം തടസപ്പെടുന്നത് പരിശോധിക്കാൻ വിശദമായ യോഗം വിളിക്കും. കെ.കെ.രമ എം.എൽ എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും കർമ്മസമിതി പ്രവർത്തകരും ചേർന്ന യോഗത്തിലാണ് തീരുമാനമായത്. ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രവൃത്തി താത്കാലികമായി നിറുത്തി വെക്കാൻ തീരുമാനമായി.
ഇവിടങ്ങളിലെ സർവീസ് റോഡ് , വെളളം ഒഴുകാനുളള ഓവുചാൽ ,റോഡിന് തൊട്ടടുത്ത താമസക്കാരുടെ സഞ്ചാരം എന്നീ കാര്യങ്ങളിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ അടുത്ത ദിവസം തന്നെ സ്ഥലം എം.പി, പ്രൊജക്ട് ഡയരക്ടർ , ജില്ലാ കളക്ടർ ,ജനപ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി പണിഞ്ഞുകൊണ്ടിരിക്കുന്ന വൻ മതിലുകൾ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. കുഞ്ഞിപ്പള്ളി മുതൽ കൈനാട്ടി വരെയാണ് പലയിടത്തായി വീടുകൾക്ക് മുൻപിലും ഇട വഴികൾക്ക് മുന്നിലുമാണ് കോൺക്രീറ്റ് ഭിത്തികൾ ഉയർന്നിരിക്കുന്നത്. ഇത് മൂലം വീടുകാർക്ക് പുറത്തിറങ്ങാനോ വഴികളിലൂടെ സഞ്ചരിക്കാനോ സാധിക്കാത്ത അവസ്ഥയാണ്.
റോഡിന് ഇരുഭാഗങ്ങളിലും സംരക്ഷണ ഭിത്തി ഉയരത്തിൽ കെട്ടുമ്പോൾ പല വീടുകളിലേക്കും റാമ്പ് വഴിയുളള പ്രവേശനം അസാദ്ധ്യമാവും.ഓവുചാലുകളിലൂടെ വരുന്ന വെളളം ജനവാസ കേന്ദ്രങ്ങളിൽ തുറന്നുവിടാതെ പൊതു തോടുകളിലേക്ക് ഒഴുക്കണമെന്നാണ് കർമ്മസമിതിയുടെ ആവശ്യം. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ , ശശിധരൻ തോട്ടത്തിൽ , കോട്ടയിൽ രാധാകൃഷ്ണൻ , റീന രയരോത്ത് , പ്രമോദ് മാട്ടാണ്ടി ,കെ കെ . ജയചന്ദ്രൻ , പി.ബാബുരാജ് , വി.പി പ്രകാശൻ , പ്രദീപ് ചോമ്പാല എന്നിവരും പങ്കെടുത്തു.