കുറ്റ്യാടി: കുറ്റ്യാടി പോലീസ് സ്റ്റേഷന് സമീപത്തെ നടപാത കാട് മൂടി നശിക്കുന്നത് കാൽനടയാത്രികരെ ദുരിതത്തിലാക്കുന്നു. പാതയിലൂടെ നടന്ന് പോകാൻ കഴിയാത്ത വിധം കാട്ട് ചെടികൾ പടർന്ന് കയറിയതിനാൽ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. സമീപത്തെ പാതയോരത്ത് ഇരുചക്രവാഹനങ്ങൾ നിർത്തിയിരിക്കുന്നതിനാൽ ഈ വഴിയും സഞ്ചരയോഗ്യമല്ല. നടപ്പാതയുടെ ഓരം ചേർന്ന ഭാഗത്തെ മേൽതട്ട് മണ്ണിടിഞ്ഞ് വീഴുന്നതും പ്രയാസമുണ്ടാവുകയാണ്. ഒരു വർഷം മുൻപ് കുറ്റ്യാടി ദുരന്തനിവാരണ സേന പ്രവർത്തകരുടെ നേതൃത്വത്തിൽ പാതയോരത്തെ കാടുകൾ വെട്ടി തെളിച്ചിരുന്നു. എന്നാൽ പാത വീണ്ടും കാട് കയറി നശിക്കുകയാണ്.
കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിൽ ആദ്യത്തെ ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത് ഈ നടപ്പാതയോട് ചേർന്നാണ്. വിദ്യാർത്ഥികൾ, ആശുപത്രികളിലേക്ക് പോകുന്നവർ മറ്റ് ജീവനക്കാർ ഉൾപ്പെടെ നിരവധിയാളുകൾ ദൂരസ്ഥലങ്ങളിലേക്ക് പോകാൻ ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് എത്താറുള്ളത്. പാതയോരത്ത് വാഹനങ്ങൾ നിറുത്തിയിരിക്കുന്നതിനാൽ ബസ് ഉൾപെടെയുള്ള വാഹനങ്ങൾക്ക് യാത്രക്കാരെ കയറ്റാൻ അസൗകര്യം ഉണ്ടാവുകയാണ്.കുറ്റ്യാടിയിൽ ഒന്നിലധികം വാഹന പാർക്കിംങ്ങ് കേന്ദ്രങ്ങൾ ഉണ്ടായിട്ട് പോലും പ്രയാസമുണ്ടാക്കുന്ന വിധം വാഹനങ്ങൾ നിർത്തിയിട്ടുന്നത് തടയണമെന്നാണ് യാത്രക്കാർ പറയുന്നത്. പൊലീസ് സ്റ്റേഷന്റെ സമീപത്ത് തന്നെയുള്ള വിഷയമായതിനാൽ ബന്ധപെട്ടവർ ഉടൻ പ്രശ്നം പരിഹരിക്കുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ.